തടങ്കലിലായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിക്കാനൊരുങ്ങി ഷെഹ്ബാസ് ഷരീഫ് നയിക്കുന്ന പാകിസ്താന സർക്കാർ വാർത്താവിതരണ വകുപ്പ് മന്ത്രി തിങ്കളാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാകിസ്താനിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് പി.ടി.ഐ.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.ടി.ഐയെ നിരോധിക്കാൻ തീരുമാനമെടുത്തതെന്ന കാര്യം മന്ത്രി അത്തൗള്ളാ തരാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. സർക്കാർ കേസ് സുപ്രീം കോടതിയുടെ പരിഗണയ്ക്ക് വിടുമെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ച പിടിഐ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയെങ്കിലും രാഷ്‌ട്രീയ പാർട്ടികൾക്ക് മാത്രമുള്ള 70 സംവരണ സീറ്റുകളിൽ ജയിച്ച സ്വതന്ത്രർ അയോഗ്യരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. എന്നാൽ ഇമ്രാൻ ഖാന്റെ പാർട്ടി സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമായി സംവരണം ചെയ്ത 23 സീറ്റുകളിൽ ജയിച്ചവർ യോഗ്യരാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടതു. ഈ ഉത്തരവിന് ദിവസങ്ങൾക്ക് ശേഷമാണ് പാകിസ്താൻ മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തീരുമാനം.
സുപ്രീം കോടതിയുടെ ഉത്തരവ് ദേശീയ അസംബ്ലിയിൽ പിടിഐയ്‌ക്ക് ഒറ്റകക്ഷിയാകാൻ വഴിയാെരുങ്ങുമെന്ന് കണ്ടാണ് നീക്കം. അങ്ങനെവന്നാൽ ഭരണ സഖ്യത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. നടപടിയെടുക്കാൻ തക്ക തെളിവുകൾ ഇമ്രാന്റെ പാർട്ടിക്കെതിരെയുണ്ടെന്നാണ് വിശദീകരണം.