തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പ്രദേശത്തും നടക്കുന്ന മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളും മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും രാജ്യത്തിനാകെ മാതൃകയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കോളറ, മഞ്ഞപ്പിത്തം എന്നൊക്കെ വിളിച്ച് പറഞ്ഞ് സംവിധാനത്തെയാകെ വിമർശിക്കുന്നവർ യാഥാർത്ഥ്യത്തോട് പുറം തിരിഞ്ഞ് നിൽക്കുകയാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. ഫേസ്ബുക്ക് പ്രതികരണത്തിലൂടെ ആയിരുന്നു ഇപി ജയരാജന്റെ വാക്കുകൾ.
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ പ്രതികരണത്തെ വിമർശിച്ചായിരുന്നു ഇപി ജയരാജന്റെ കുറിപ്പ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ തോതിൽ കോളറയും മഞ്ഞപ്പിത്തവും പിടിപെട്ട സംസ്ഥാനമാണ് കേരളമെന്നും ജയരാജൻ അവകാശപ്പെടുന്നു. ഈ വസ്തുത മറച്ചുവെച്ച് ജനങ്ങളിൽ ഭീതിയും ആശങ്കയും പരത്തുന്നു. അങ്ങേയറ്റം പ്രതിഷേധാർഹമായ ഇത്തരം നിലപാടുകൾ തിരുത്തി ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധിയാകാൻ പ്രതിപക്ഷ നേതാവ് ഇനിയെങ്കിലും തയ്യാറാകണമെന്നും ജയരാജൻ ആവശ്യപ്പെടുന്നു.
ആമയിഴഞ്ചാൻ തോട്ടിലെയും നഗരത്തിലെയും മാലിന്യനീക്കത്തിൽ വീഴ്ച വരുത്തിയ സർക്കാരിനെയും തിരുവനന്തപുരം നഗരസഭയെയും വിമർശിച്ച് വിഡി സതീശൻ നടത്തിയ പ്രതികരണമാണ് ജയരാജനെ ചൊടിപ്പിച്ചത്. മഴക്കാലങ്ങളിൽ പകർച്ചവ്യാധികൾ പൊതുവെ കൂടുന്നത് സാധാരണമാണ്. ഇത്തരം അവസരങ്ങളിൽ ശക്തമായ പ്രതിരോധ നടപടികളാണ് സർക്കാർ സ്വീകരിക്കാറുള്ളതെന്നും ജയരാജൻ പറയുന്നു.
സംസ്ഥാന സർക്കാറും തദ്ദേശ ഭരണ സ്ഥാപനങ്ങളും നടത്തുന്ന മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളെയും രോഗപ്രതിരോധ നടപടികളെയും പ്രതിപക്ഷനേതാവ് പരിഹസിക്കുന്നത് കണ്ടു. ഇത് കണ്ണടച്ച് ഇരുട്ടാക്കുന്നതിൽ അപ്പുറം എന്താണെന്ന് ജയരാജൻ ചോദിക്കുന്നു. അനുദിനം ഉയർന്നുവരുന്ന വിവിധ വിഷയങ്ങളിൽ സ്വീകരിക്കുന്ന സമീപനങ്ങളിൽ പ്രതിപക്ഷ നേതാവ് ഇനിയെങ്കിലും ഒരു ആത്മ പരിശോധനയ്‌ക്ക് തയ്യാറാകണമെന്നും ഇപി ജയരാജൻ ആവശ്യപ്പെട്ടു. എന്തിനേയും ഏതിനേയും എതിർക്കുക എന്നതാണ് പ്രതിപക്ഷ നേതാവിന്റെ കടമ എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതായി തോന്നുന്നു.
റെയിൽവെയുടെ അധീനതയിലുള്ള സ്ഥലത്ത് റെയിൽവെ നൽകിയ കരാറുകാരൻ നിയോഗിച്ച തൊഴിലാളിയാണ് നാടിനെയാകെ ദു.ഖത്തിലാഴ്‌ത്തി നമ്മെ വിട്ടു പിരിഞ്ഞത്. ആ തൊഴിലാളിയെ രക്ഷിക്കാൻ അഗ്നി രക്ഷാസേനയും കോർപ്പറേഷൻ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും നാട്ടുകാരാകെയും ആത്മാർത്ഥവും ത്യാഗപൂർണ്ണവുമായ പ്രവർത്തനങ്ങളാണ് രണ്ട് ദിവസമായി നടത്തിവന്നത്. ആ സേവനത്തെ കുറിച്ച് ഒരു നല്ലവാക്ക് പറയാനോ നല്ലകാര്യമാണ് എന്ന് സമ്മതിക്കാനോ തയ്യാറാകാതെ ആക്ഷേപിക്കുകയാണെന്ന് ജയരാജൻ പറയുന്നു. ജനങ്ങളിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുകയല്ല ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി ചെയ്യേണ്ടുന്നതെന്നും ജയരാജൻ ഉപദേശിക്കുന്നു.















