ശ്രീനഗർ: നാല് ജവാന്മാർ വീരമൃത്യു വരിച്ച ദോഡ ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മൊഹമ്മദിന്റെ പിന്തുണയുള്ള തീവ്രവാദ സംഘടന കശ്മീർ ടൈഗേഴ്‌സ്. കാശ്മീരിലെ ദോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മേജർ ഉൾപ്പെടെ 4 സൈനികരാണ് വീരമൃത്യു വരച്ചത്. മേഖലയിൽ ഭീകർക്കായുള്ള സൈന്യത്തിന്റെ തെരച്ചിൽ പുരോഗമിക്കുകയാണ്.
അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി സംസാരിച്ചു. ദോഡ മേഖലയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങളെക്കുറിച്ചും കരസേനാ മേധാവി പ്രതിരോധമന്ത്രിയെ ധരിപ്പിച്ചു. പ്രതിരോധ മന്ത്രാലയം എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും ദോഡ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികർക്ക് അനുശോചനം രേഖപ്പെടുത്തി. ഭീകരർക്കായി സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പെടെ 4 സൈനികർ വീരമൃത്യു വരിച്ചത്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കത്വയിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് ശേഷം ജമ്മു മേഖലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്.