വയനാട്: സുൽത്താൻ ബത്തേരിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മാറോട് സ്വദേശി രാജു (52) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഞായറാഴ്ച രാത്രി കൃഷിയിടത്തിൽ നിന്നും വീട്ടിലേക്ക് നടന്ന പോകുന്നതിനിടെ കാട്ടാന രാജുവിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടിയ രാജു നിലത്തുവീണതും കാട്ടാന ആക്രമിച്ചു. രാജുവിന്റെ വയറിനും കാലുകൾക്കുമാണ് പരിക്കേറ്റത്.
തുടർന്ന് നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെ ശസ്ത്രക്രിയ നടത്തിയെങ്കിലും രാജുവിന്റെ ആരോഗ്യനില വഷളാവുകയും ഇന്ന് വൈകിട്ടോടെ മരണപ്പെടുകയുമായിരുന്നു.
വയനാട്ടിൽ കാട്ടാന ശല്യം രൂക്ഷമാകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. വന്യമൃഗ ആക്രമണങ്ങൾ തടയാൻ വനംവകുപ്പ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.















