ന്യൂയോർക്ക്: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ആക്രമണം കടുപ്പിച്ച് പ്രസിഡന്റ് ജോ ബൈഡൻ. കറുത്ത വർഗ്ഗക്കാരായ വോട്ടർമാരുടെ ഉന്നമനത്തിന് വേണ്ടി താൻ വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്നും, ട്രംപിന്റെ ഭരണകാലത്ത് ഇവർക്ക് വേണ്ടി യാതൊന്നും ചെയ്തിരുന്നില്ലെന്നും ബൈഡൻ ആരോപിച്ചു. പെൻസിൽവാനിയയിൽ നടന്ന പ്രചാരണ റാലിക്കിടെ ട്രംപിന് വലിയ പരിക്കേൽക്കാത്തതിനാൽ താൻ ദൈവത്തോട് നന്ദി പറയുകയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
” ട്രംപിന്റെ ഭരണകാലം വളരെ മോശം കാലഘട്ടമായിരുന്നുവെന്ന് തന്നെ ഉറപ്പിച്ച് പറയാൻ കഴിയും. കൊറോണ മഹാമാരിയുടെ സമയത്ത് ട്രംപ് വളരെ മോശം രീതിയിലാണ് സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്തത്. കറുത്ത വർഗ്ഗക്കാരുടെ തൊഴിലില്ലായ്മയായിരുന്നു മറ്റൊരു പ്രശ്‌നം. എന്നാൽ ഞങ്ങളുടെ ഭരണത്തിലൂടെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിൽ എത്തിക്കാൻ കഴിഞ്ഞു. ഐക്യത്തിന്റെ സന്ദേശത്തിലാണ് ഇപ്പോൾ ശ്രദ്ധ കൊടുക്കേണ്ടത്. പെൻസിൽവാനിയയിലെ സംഭവം അത്യന്തം അപലപനീയമാണ്. അത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ എന്നും” ബൈഡൻ പറയുന്നു.
നവംബർ അഞ്ചിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്ന് ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും ബൈഡൻ തള്ളിക്കളയുന്നു. താൻ പൂർണ ആരോഗ്യവാനാണെന്ന് ബൈഡൻ പതിവായി പ്രസ്താവനകളും നടത്താറുണ്ട്. ഡെമോക്രാറ്റ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സ്ഥാനാർത്ഥിത്വത്തിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ബൈഡൻ പൊതുഇടങ്ങളിൽ പതിവായി വിശദീകരണം നൽകാൻ ആരംഭിച്ചത്. പൊതു ഇടങ്ങളിൽ ബൈഡന് സംഭവിക്കുന്ന അബദ്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന ആവശ്യം ശക്തമായത്.















