വാഷിംഗ്ടൺ: മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ നേതാവുമായ ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. എന്നാൽ, ശനിയാഴ്ച നടന്ന വെടിവെപ്പിൽ ഇറാന് പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല.
2020-ൽ ഇറാന്റെ സൈനിക ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടത് ട്രംപ് ആയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ട്രംപിനെ വധിക്കാൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന കാലത്താണ് ഇറാനുമായുള്ള നയതന്ത്രബന്ധം വഷളായത്.
ശനിയാഴ്ച പെൻസിൽവാനിയയിലെ വേദിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് 20 കാരനായ തോമസ് മാത്യു ക്രൂക്‌സ് ട്രംപിന് നേരെ വെടിയുതിർത്തത്. വലത് ചെവിയുടെ മുകൾഭാഗത്തായി ബുള്ളറ്റ് തറഞ്ഞ് കയറുകയായിരുന്നു. അക്രമിയെ നിമിഷനേരത്തിനുള്ളിൽ സുരക്ഷാ സേന വധിച്ചിരുന്നു. ട്രംപിനേയും സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ ട്രംപ് അധികം വൈകാതെ ആശുപത്രി വിടുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെയും കൂടുതൽ കാര്യങ്ങൾ കണ്ടെത്താനായിട്ടില്ല.















