അമരാവതി: ആർഎസ്എസിന്റെ നിസ്വാർത്ഥ സേവനത്തെ പ്രശംസിച്ച് ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ. സേവനത്തിന്റെ കാര്യത്തിൽ പാർട്ടി പ്രവർത്തകർ സംഘത്തെ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മംഗളഗിരിയിലെ പാർട്ടി ആസ്ഥാനത്ത് പുതിയ എംപിമാരെയും എംഎൽഎമാരെയും അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പവൻ കല്യാൺ.
” ആർഎസ്എസ് മഹത്തായ സംഘടനയാണ്. ജനസേന പാർട്ടിയിലെ അംഗങ്ങൾ സംഘത്തെ മാതൃകയാക്കണം. അവർ രാജ്യത്തിനും സമൂഹത്തിനും രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു. ബിജെപിയുടെ പ്രവർത്തന രീതികളിൽ നിന്നും ചട്ടങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യം വികസനത്തിന്റെ പാതയിൽ കുതിക്കുകയാണ്. 141 കോടി ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ്. മോദിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ പാർട്ടിക്ക് അഭിമാനമുണ്ട്. പദവികൾ ഉണ്ടായാലും ഇല്ലെങ്കിലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പവൻ കല്യാൺ കൂട്ടിച്ചേർത്തു.