ഹൈദരാബാദ്: തെരുവു നായ്‌ക്കളുടെ ആക്രമണത്തിൽ 18 മാസം പ്രായമുള്ള ആൺകുഞ്ഞിന് ദാരുണാന്ത്യം. ഹൈദരാബാദിലെ ജവഹർ നഗറിലാണ് ദാരുണ സംഭവം നടന്നത്. കുഞ്ഞ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
തെരുവുനായകളിലൊന്ന് കുഞ്ഞിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മറ്റ് തെരുവുനായകളും കുട്ടിയെ കൂട്ടമായി ആക്രമിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടികൂടിയ നാട്ടുകാരും ബന്ധുക്കളും ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പ്രദേശത്ത് തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണെന്നും അടിയന്തരമായി പരിഹാരം കാണണമെന്നും നാട്ടുകാർ പറഞ്ഞു.















