ലോകകായിക മാമാങ്കത്തിന് സജ്ജമായി ഇന്ത്യ. 117 താരങ്ങളാണ് പാരിസിലേക്ക് പറക്കുന്നത്. പരിശീലകരും സഹ പരിശീലകരുമടക്കം 140 സപ്പോർട്ട് സ്റ്റാഫുകളും കായിക താരങ്ങളെ അനുഗമിക്കും. ഇതിൽ 72 പേർക്ക് കായിക താരങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ ഫണ്ട് അനുവദിക്കും.
കായിക മന്ത്രാലയം അന്തിമ പട്ടിക ഇന്ന് പുറത്തിറക്കി. 16 ഇനങ്ങളിലായാണ് താരങ്ങൾ മത്സരിക്കുന്നത്. 24 മുതൽ ഓഗസ്റ്റ് 11 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. 26നാണ് ഔദ്യോഗിക ഉദ്ഘാടനം നടക്കുക. 29 അത്ലറ്റുകളിൽ 18 പുരുഷ താരങ്ങളും 11 വനിതാ താരങ്ങളുമുണ്ട്. ഷൂട്ടിംഗിന് 21 അംഗ ടീമാണ് പോകുന്നത്. ഹോക്കി ടീമിൽ 19 പേരുണ്ട്.
ചരിത്രത്തിൽ ടോക്കിയോ ഒളിമ്പിക്സിലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ഏഴു മെഡലുകളാണ് ഇന്ന് ഇന്ത്യ നേടിയത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് പോക്കറ്റിലാക്കിയത്. അഭിനവ് ബിന്ദ്രയ്‌ക്ക് ശേഷം ട്രാക്ക് ആൻഡ് ഫീൾഡിൽ സ്വർണം നേടുന്ന രണ്ടാമത്തെ താരമായി നീരജ് ചോപ്രമാറി. ജാവലിനിലായിരുന്നു താരത്തിന്റെ നേട്ടം.
2016 ലും 21ലും യഥാക്രമം വെള്ളിയും വെങ്കലവും നേടിയ ബാഡ്മിൻഡൺ താരം പിവി സിന്ധു ഒളിമ്പിക്സിൽ തുടർച്ചയായി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. 49 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യൻ ഹോക്കി പുരുഷ ടീം വെങ്കലം നേടി മെഡൽ വറുതി അവസാനിപ്പിച്ചിരുന്നു.