മലപ്പുറം: മഴ ശക്തമായതിനു പിന്നാലെ സംസ്ഥാനത്ത് പടർന്നുപിടിച്ച് പകർച്ച വ്യാധികൾ. മലപ്പുറം ജില്ലയിൽ മൂന്ന് മലമ്പനി കേസുകൾ സ്ഥിരീകരിച്ചു. പകർച്ച വ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറക്കി.
പൊന്നാനിയിൽ ഒരു മലമ്പനി കേസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർ പ്രദേശത്ത് ഗൃഹസന്ദർശന സർവ്വേ നടത്തുകയും, രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ശേഖരിച്ച സാമ്പിളുകളിൽ വീണ്ടും രണ്ട് മലമ്പനി കേസുകൾ കൂടി കണ്ടെത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തത്.
ഇതോട് കൂടി പൊന്നാനിയിൽ മൂന്ന് മലമ്പനി കേസുകളാണ് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊന്നാനി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പൊന്നാനിയിലും പരിസരങ്ങളിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.















