ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പാതിമലയാളിയായ ധിനിധി ദേസിങ്കു. ബെംഗളൂരുവിൽ നിന്നുള്ള ധിനിധി 14-ാം വയസിലാണ് ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്. ഇന്ത്യക്കായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന ബഹുമതിയും ധിനിധിക്ക് സ്വന്തമാണ്. 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ പങ്കെടുത്ത ആരതി സാഹയാണ് പ്രായം കുറഞ്ഞ ആദ്യ താരം. 11-ാം വയസിലാണ് ആരതി ഒളിമ്പിക്സിന്റെ ഭാഗമായത്.
രോഹൻ ബൊപ്പണ്ണയാണ് (44) പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായമേറിയ താരം. ധിനിധിയുമായി 30 വയസിന്റെ വ്യത്യാസം. ധിനിധിക്കൊപ്പം പങ്കെടുക്കുന്ന മറ്റൊരു പുരുഷ താരം കർണാടകക്കാരനായ ശ്രീഹരി നടരാജനാണ്. പുരുഷൻമാരുടെ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും ധിനിധി വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലുമാണ് മത്സരിക്കുന്നത്.ഹാങ്ചോ ഏഷ്യൻ ഗെയിംസിലും കേന്ദ്രീയ വിദ്യാലയത്തിലെ 9-ാം ക്ലാസുകാരി പങ്കെടുത്തിരുന്നു.
തമിഴ്‌നാട്ടുകാരനായ ദേസിങ്കുവിന്റെയും കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി ജെസിതയുടെയും മകളാണ് ധിനിധി.ബെംഗളൂരുവിൽ ഡി.ആർ.ഡി.ഒ. ഉദ്യോഗസ്ഥയാണ് ജസിത. ദേസിങ്കു, ഗൂഗിളിൽ എൻജിനിയറും. വളരെ ആവേശഭരിതയാണ്. ആ ദിവസം വരാൻ കാത്തിരിക്കുകയാണ്–ധിനിധി പറഞ്ഞു.
വെള്ളത്തിനോടുള്ള പേടിമാറ്റാനാണ് ധിനിധിയെ നീന്തൽ പഠിപ്പിക്കാൻ അമ്മ തീരുമാനിച്ചത്. വീടിന് സമീപത്തെ സ്വിമ്മിംഗ് ക്ലബ്ബിലായിരുന്നു തുടക്കം. ചെറുപ്പത്തിലെ പ്രാഗത്ഭ്യം തെളിയിച്ച ധിനിധി വൈകാതെ ദേശീയ സബ്ജൂനിയർ മത്സരങ്ങളിലൂടെ വരവറിയിച്ചു. ബെംഗളൂരുവിലെ ഡോൾഫിൻ അക്വാറ്റിക്സ് ക്ലബ്ബിൽ മധുകുമാറിന്റെ കീഴിൽ ചിട്ടയായ പരിശീലനം ആരംഭിച്ചു. 2021-ൽ നടന്ന ദേശീയ സബ്ജൂനിയർ മീറ്റിൽ 6 സ്വർണവും ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ 7 സ്വർണം പോക്കറ്റിലാക്കി. ഇതിനിടെ 200 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈലുകളിൽ റെക്കോർഡും കുറിച്ചു.