ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോലി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് ഭീകരരെ വധിച്ച് പൊലീസ്. ആറുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ നിരവധി ഓട്ടോമാറ്റിക് ആയുധങ്ങളും കണ്ടെടുത്തു.
മഹാരാഷ്‌ട്ര പോലീസ് രാവിലെ 10 മണിയോടെ ഗഡ്‌ചിരോലി മേഖലയിൽ തെരച്ചിൽ നടത്തിയിരുന്നു. ഛത്തീസ്ഗഢ് അതിർത്തിയോട് ചേർന്ന വന്ദോലി ഗ്രാമത്തിന് സമീപം പതിനഞ്ചോളം മാവോയിസ്റ്റുകൾ ക്യാമ്പ് ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് തെരച്ചിൽ ആരംഭിച്ചത്. ഡെപ്യൂട്ടി എസ്പിയുടെ നേതൃത്വത്തിൽ സെവൻ സി-60 വിഭാഗം പൊലീസാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്തത്.
പൊലീസും മാവോയിസ്റ്റ് ഭീകരരും തമ്മിൽ 6 മണിക്കൂർ നീണ്ടുനിന്ന വെടിവയ്പുണ്ടായി. ഏറ്റുമുട്ടലിൽ ഒരു സബ് ഇൻസ്പെക്ടറിനും സി-60 വിഭാഗത്തിലെ സൈനികനും പരിക്കുപറ്റി.ഇവരെ വിദഗ്ധ ചികിത്സയ്‌ക്കായി നാഗ്പൂരിലേക്ക് മാറ്റി. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
12 ഭീകരരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 3 എകെ 47 തോക്കുകൾ, രണ്ട് INSAS, ഒരു കാർബൈൻ, ഒരു SLR തുടങ്ങിയ ആയുധങ്ങൾ ഭീകരരുടെ പക്കൽ നിന്നും ലഭിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാളെ മാത്രമാണ് തിരിച്ചറിയാനായത്.