മസ്‌കറ്റ്: ഒമാൻ കടലിൽ എണ്ണക്കപ്പൽ മറിഞ്ഞ് കാണാതായ 16 ജീവനക്കാരിൽ ഒമ്പത് പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് തേഗ്. രക്ഷപ്പെട്ടവരിൽ 8 ഇന്ത്യക്കാരും ഒരു ശ്രീലങ്കക്കാരനുമാണുള്ളതെന്നും മറ്റ് ജീവനക്കാർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു.
പ്രധാന വ്യവസായ തുറമുഖമായ ദുഖമിലെ റാസ് മദ്റാഖയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായാണ് കപ്പൽ മറിഞ്ഞതെന്ന് ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. ഒമാൻ അധികൃതരുമായി യോജിച്ച് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് നാവികസേന എക്സിൽ വ്യക്തമാക്കി. തേഗിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കപ്പലിലെ 16 ജീവനക്കാരിൽ 13 പേർ ഇന്ത്യക്കാരും 3 പേർ ശ്രീലങ്കക്കാരുമായിരുന്നു.
#IndianNavy‘s mission deployed warship #INSTeg, rendering SAR assistance for the capsized Oil Tanker MV #PrestigeFalcon, has rescued 09 (08 Indians & 01 Sri Lankan) personnel.
The MV had capsized about 25 NM southeast of Ras Madrakah, #Oman on #15Jul 24 & SAR efforts in… pic.twitter.com/ExXYj6PBTN— SpokespersonNavy (@indiannavy) July 17, 2024
കടൽ പ്രക്ഷുബ്ദമായതും ശക്തമായ കാറ്റും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് നാവികസേന വ്യക്തമാക്കി. നാവികസേനയുടെ ദീർഘദൂര സമുദ്രനിരീക്ഷണ വിമാനം പി8ഐയും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. . ദുബായിൽ നിന്ന് യമൻ തുറമുഖമായ ഏദനിലേക്ക് പുറപ്പെട്ട പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.















