ന്യൂയോര്‍ക്ക്: ഗാസ മുനമ്പില്‍ അടിയന്തരമായി സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും, ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ വിട്ടയയ്‌ക്കണമെന്നും ഐക്യരാഷ്‌ട്രയില്‍ ആഹ്വാനം ചെയ്ത് ഇന്ത്യ. യുഎന്‍ സുരക്ഷാ സമിതിയുടെ ഓപ്പണ്‍ ഡിബേറ്റിലാണ് ഇന്ത്യ നിലപാട് ആവര്‍ത്തിച്ചത്. പാലസ്തീന്റെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി ഇന്ത്യ വര്‍ഷങ്ങളായി പല രീതിയിലുള്ള സഹായങ്ങള്‍ കൈമാറി വരുന്നുണ്ടെന്നും, 120 മില്യണ്‍ ഡോളറിന്റെ സഹായം വിവിധ ഘട്ടങ്ങളിലായി നല്‍കിയിട്ടുണ്ടെന്നും യുഎന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി റെപ്രസെന്റേറ്റീവ് ആര്‍.രവീന്ദ്ര വ്യക്തമാക്കി.
” 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ ഇന്ത്യയും ശക്തമായി അപലപിച്ചിരുന്നു. അതേപോലെ ഇപ്പോഴുള്ള പോരാട്ടത്തില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടമാകുന്നതിനേയും ഇന്ത്യ ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും, സംഘര്‍ഷമല്ല സമാധാനമാണ് ആവശ്യമെന്നുമുള്ള നിലപാട് ഇന്ത്യ എല്ലായ്‌പ്പോഴും ആവര്‍ത്തിച്ചിട്ടുണ്ട്.
ഏതൊരു സാഹചര്യത്തിലും അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിക്കപ്പെടുക തന്നെ വേണം. ഗാസ മുനമ്പില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പിലാക്കണം. മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും അര്‍ഹരായവരിലേക്ക് എത്തപ്പെടണം. അതിന് തടസ്സങ്ങളുണ്ടാകരുത്. ബന്ദികളാക്കപ്പെട്ട ഓരോരുത്തരേയും നിരുപാധികം വിട്ടയയ്‌ക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുകയാണെന്നും” രവീന്ദ്ര പറഞ്ഞു.
ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നതിനേയും ഇന്ത്യ പ്രശംസിച്ചു. ” മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നതിനാണ് ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത്. ഇരുരാജ്യങ്ങളുടേയും പരമാധികാരം സംരക്ഷിക്കപ്പെടണം. ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരത്തെ ഇന്ത്യ എല്ലാക്കാലവും പിന്തുണയ്‌ക്കുന്നു. ദീര്‍ഘകാലമായി ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ഇതാണ്. വിവിധ ഘട്ടങ്ങളിലായി 120 മില്യണ്‍ യുഎസ് ഡോളറിനടുത്ത് സഹായം ഇന്ത്യ പാലസ്തീന് കൈമാറിയിട്ടുണ്ട്. 2018 മുതല്‍ യുഎന്‍ആര്‍ഡബ്ല്യുഎയ്‌ക്ക് ഇന്ത്യ 5 മില്യണ്‍ ഡോളര്‍ വാര്‍ഷിക സംഭാവനയായി നല്‍കുന്നുണ്ട്. ഈ വര്‍ഷത്തെ ആദ്യ ഗഡു സഹായം ഏതാനും ദിവസങ്ങള്‍ക്ക് കൈമാറിയതായും” ആര്‍ രവീന്ദ്ര വ്യക്തമാക്കി.















