പാലക്കാട്: ചിറ്റൂരിൽ സർക്കാർ ആശുപത്രിയിൽ വെച്ച് യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ യുവതിയുടെ ശരീരത്തിൽ വിഷാംശം എത്തിയിട്ടില്ലെന്ന് പരിശോധന റിപ്പോർട്ട്. രണ്ട് തവണ രക്തപരിശോധന നടത്തി വിഷാശം ഇല്ലെന്ന് ഉറപ്പ് വരുത്തിയതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ മകളുമായെത്തിയ യുവതിയെ പാമ്പ് കടിക്കുന്നത്.
പാമ്പ് കടിച്ചിരിക്കാമെന്നും പക്ഷെ വിഷാംശം ശരീരത്തിൽ എത്തിയിട്ടിലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. വിഷമില്ലാത്ത പാമ്പാണ് യുവതിയെ കടിച്ചതെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നത്. അതേസമയം യുവതി ഇപ്പോഴും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ ഇന്ന് ആശുപത്രി വിടുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാലക്കാട് കരിപ്പോട് സ്വദേശിനിയായ ഗായത്രിക്ക് പാമ്പുകടിയേറ്റത്. കടുത്ത പനി ബാധിച്ച എട്ട് മാസം പ്രായമായ കുഞ്ഞിനെയും കൊണ്ടാണ് യുവതി ആശുപത്രിയിലെത്തിയത്. കുഞ്ഞിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ചാണ് യുവതിക്ക് പാമ്പുകടിയേൽക്കുന്നത്. സംഭവം വാർത്തയായതിനുപിന്നാലെ ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതരോട് ഡിഎംഒ റിപ്പോർട്ട് തേടിയിരുന്നു.















