കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലൂടെ നായകനായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇന്ന് ഒരുപാട് നല്ല വേഷങ്ങൾ താരത്തെ തേടി എത്തുന്നു. എന്നാൽ ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് വിഷ്ണു. ബാലതാരമായി അഭിനയിച്ച ഒന്ന് രണ്ട് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷവും താരം ചെയ്തിരുന്നു. അതിലൊന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയാണ്. ഈ ചിത്രത്തിൽ നല്ലൊരു വേഷം ലഭിച്ചത് എങ്ങനെയെന്ന് പറയുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ.
“അഭിനയിച്ചതിന്റെ പേരിൽ ലഭിച്ച ആദ്യ ഷേക്ക് ഹാൻഡ് നാഷണൽ അവാർഡിന് തുല്യമാണ്. 2003- ലാണ് സംഭവം. ഒരു അവധി സമയത്താണ് ‘എന്റെ വീട് അപ്പൂന്റേം’ ഷൂട്ട് നടക്കുന്നത്. ജൂവനൽ ഹോമിൽ നടക്കുന്ന ഒരു രംഗം. അതിൽ ഒരു കുട്ടി ഡയലോഗ് പറയേണ്ടതുണ്ട്. എന്നെ അഭിനയിക്കാൻ വിളിച്ചത് അസിസ്റ്റന്റ് ഡയറക്ടർ നിഷാദിക്കയാണ്. നീ ഡയലോഗ് പറയുമോ എന്ന് നിഷാദിക്ക ചോദിച്ചു. ഞാൻ പറയാം എന്നും പറഞ്ഞു”.
“ഞാൻ ആ രംഗം ചെയ്തു കാണിച്ചു. അത് സിബി സാറിന് ഇഷ്ടപ്പെട്ടു. അങ്ങനെ ടേക്ക് പോയി. അന്ന് ഫിലിമിലാണ് ഷൂട്ട് ചെയ്യുന്നത്. ഫസ്റ്റ് ടേക്ക് നന്നാവുക എന്നു പറയുന്നത് വലിയ സംഭവമാണ്. ഫസ്റ്റ് ടേക്ക് തന്നെ നന്നായി. സിബി സർ കട്ട് പറഞ്ഞ് നേരെ വന്ന് കൈ തന്നു. കൊള്ളാം മോനെ എന്നു പറഞ്ഞു. എത്ര നാഷണൽ അവാർഡ് മലയാളത്തിലേക്ക് കൊണ്ടുവന്ന ആളാണ്. അദ്ദേഹം ഷേക്ക് ഹാൻഡ് തന്നപ്പോൾ തന്നെ എല്ലാവരും കയ്യടിച്ചു. അതിനുശേഷം സിനിമയിൽ എടുത്ത മിക്കരംഗങ്ങളിലും എന്നെയും കൂടി ഉൾപ്പെടുത്തി”-വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.















