തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യപ്രശ്നത്തെ അലംഭാവത്തോടെ കൈകാര്യം ചെയ്ത നഗരസഭയ്‌ക്കെതിരെ ബിജെപിയുടെ പ്രതിഷേധം. കോർപ്പറേഷൻ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ സമാധാനപരമായ മാർച്ചിന് നേരെ പൊലീസ് അതിക്രമം നടത്തി. പ്രതിഷേധക്കാരെ ബാരിക്കേഡ് വച്ച് തടഞ്ഞ പൊലീസ് ലാത്തി വീശുകയായിരുന്നു. കൂടാതെ ബിജെപി പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് നടപടിയിൽ കൗൺസിലർമാർക്കുൾപ്പെടെ പരിക്കേറ്റു.
ആമയിഴഞ്ചാൻ തോട്ടിൽ വീണ് ഇനിയും ഒരാൾക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാൻ, മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ, തോടിന് സമീപമുള്ളവർക്ക് സാംക്രമിക രോഗങ്ങൾ പടരുന്നത് തടയാൻ നഗരസഭയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നാണ് ബിജെപി പ്രവർത്തകരുടെ ആവശ്യം. എന്നാൽ പ്രതിഷേധക്കാരോട് ചർച്ച നടത്താൻ പോലും തയ്യാറാകാതെയായിരുന്നു പ്രവർത്തകരെ പൊലീസ് അടിച്ചമർത്തിയത്.
തലസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ സ്ത്രീകൾ അടക്കമുള്ളവർ ശക്തമായി പ്രതിഷേധിച്ചു. വനിതാ കൗൺസിലർമാർക്കെതിരെ അഞ്ച് റൗണ്ട് ജലപീരങ്കിയാണ് പൊലീസ് പ്രയോഗിച്ചത്. പെരുമഴയിൽ റോഡിലിറങ്ങി പ്രതിഷേധിച്ച വനിതാ പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി.
തോട് ശുചീകരിക്കാനായി റെയിൽവേയുടെ കരാർ എടുത്തത് സിഐടിയു യൂണിയനിലെ നേതാവാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് പ്രതികരിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് സംസ്ഥാന പ്രസിഡന്റായ സംഘടനയിലെ അംഗമാണ് കോൺട്രാക്ടർ ബിജുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ എംസി റോഡ് ഉപരോധിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ ക്യാമ്പിലേക്കാണ് മാറ്റിയിരിക്കുന്നത്.
നേരത്തെ മാലിന്യപ്രശ്നം ചർച്ച ചെയ്തപ്പോൾ നഗരസഭ നൽകിയ ഉറപ്പുകൾ ഒന്നും തന്നെ പാലിക്കപ്പെട്ടില്ല. വിഷയം വീണ്ടും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരസഭ തയ്യാറായിരുന്നില്ല. മാലിന്യപ്രശ്നത്തിൽ നഗരസഭ പുലർത്തിയ മൗനം വലിയ ദുരന്തത്തിലേക്ക് വഴിവച്ച സാഹചര്യത്തിലായിരുന്നു ബിജെപി പ്രവർത്തകർ ശക്തമായ പ്രതിഷേധം നടത്തിയത്. മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ നഗരസഭയ്ക്ക് സംഭവിച്ച വീഴ്ചയുടെ ഫലമായിരുന്നു ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തവും തലസ്ഥാനത്ത് കുന്നുകൂടുന്ന മാലിന്യവും. എന്നാൽ വീഴ്ച മറച്ചുവച്ച് റെയിൽവേയെ പഴിചാരി രക്ഷപ്പെടാൻ ശ്രമിച്ച നഗരസഭയുടെ നീക്കത്തിനെതിരെയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം നടന്നത്.















