എറണാകുളം: നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 42 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തതായി കസ്റ്റംസ് പറഞ്ഞു.
താക്കോലിന്റെ രൂപത്തിൽ നിറം മാറ്റിയ 277 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് ആദ്യം കണ്ടെടുത്തത്. പിന്നീട് നടത്തിയ വിശദ പരിശോധനയിൽ കൂടുതൽ സ്വർണം കണ്ടെടുക്കുകയായിരുന്നു. ഷൂവിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ച നിലയിലും മൂന്ന് ചെയിനുകളടക്കം 349 ഗ്രാം സ്വർണമാണ് പിന്നീട് പിടികൂടിയത്.
വിപണിയിൽ 47 ലക്ഷം രൂപ വിലവരുന്ന ആകെ 678 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.















