എറണാകുളം: കൊച്ചിയിൽ മാവോയിസ്റ്റ് ഭീകരൻ പിടിയിൽ. വയനാട് സ്വദേശി മനോജിനെയാണ് സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രഹ്‌മപുരത്ത് നിന്ന് പണം വാങ്ങി മടങ്ങുന്നതിനിടെയാണ് ഇയാളെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. നെടുമ്പാശേരിയിലെ എടിഎസ് ആസ്ഥാനത്ത് വച്ച് മനോജിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
വയനാട് മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയതിന് പിന്നാലെ മനോജ് ഒളിവിൽ പോയിരുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എടിഎസ് പിടികൂടിയത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ മകനെ കാണാനില്ലെന്ന് മനോജിന്റെ അമ്മ പരാതി നൽകിയിരുന്നു. മകന് മാവോയിസ്റ്റ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പിന്നാലെ മനോജിനെ എടിഎസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. കമ്പനി ദളത്തിന്റെ പ്രവർത്തകനാണ് ഇയാളെന്നും കണ്ടെത്തി.
4 യുഎപിഎ കേസുകളിൽ പ്രതിയാണ് മനോജ്. അർബൻ മാവോയിസ്റ്റുകൾ ശക്തിപ്പെടുവെന്നതിന്റെ രഹസ്യാനേഷ്വണ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. നഗര മേഖലകളിൽ പ്രത്യേക ഗ്രൂപ്പുകളായി മവോയിസ്റ്റ് ഭീകരർ പ്രവർത്തിക്കുന്നതിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. ഈ പട്ടികയിൽ മനോജ് ഉൾപ്പെട്ടിരുന്നതായാണ് വിവരം.















