മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ച് അതിർത്തി സുരക്ഷാ സേന. അഞ്ച് സ്ത്രീകളും ആറ് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡുമായി അതിർത്തി പങ്കിടുന്ന പ്രദേശമായ ഗഡ്ചിറോളി വനമേഖലയ്‌ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് കൂടുതൽ മാവോയിസ്റ്റ് സംഘങ്ങൾ ഒളിച്ചിരിപ്പുണ്ടെന്നും തിരച്ചിൽ പുരോഗമിക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വനമേഖലകൾ കേന്ദ്രീകരിച്ച് നടന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട മാവോസ്റ്റുകൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. സൈനികരെ കണ്ടതോടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ സേനാംഗങ്ങൾക്കും പൊലീസിനും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഏറ്റുമുട്ടലിൽ പരിക്കേറ്റ പൊലീസ് സബ് ഇൻസ്പെക്ടറെയും സൈനികനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.















