റാഞ്ചി: കൊറോണ മഹാമാരിക്ക് ശേഷം ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഭാരതം മാറിയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സന്തോഷത്തിലേക്കും സമാധാനത്തിലേക്കും വഴിതുറക്കുന്ന റോഡ്മാപ്പാണ് ഭാരത്തിനുള്ളതെന്ന് മറ്റ് രാജ്യങ്ങൾ മനസിലാക്കിയെന്നും ഡോ. മോഹൻ ഭാഗവത് പറഞ്ഞു. വികാസ് ഭാരതി സംഘടിപ്പിച്ച ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികളുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” മനുഷ്യരാശിയുടെ ക്ഷേമത്തിന് സനാതന ധർമ്മം ആവശ്യമാണ്. കഴിഞ്ഞ 2,000 വർഷങ്ങളിൽ വിവിധ പരീക്ഷണങ്ങളാണ് നടത്തിയത്. എന്നാൽ സമാധാനവും സന്തോഷവും നൽകുന്ന ഭാരതത്തിന്റെ പാരമ്പര്യത്തിലൂന്നിയ ചികിത്സാ രീതികൾക്ക് മുമ്പിൽ അവ പരാജയപ്പെടുകയായിരുന്നു. കൊറോണയ്‌ക്ക് ശേഷം ഭാരതത്തിന്റെ ചികിത്സാ രീതികൾ ലോകം ഉറ്റുനോക്കാൻ ആരംഭിച്ചു.” – ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
സനാതന ധർമ്മം രാജകൊട്ടാരങ്ങളിൽ നിന്ന് കൊണ്ടുവന്നതല്ല. വനങ്ങളിലും ആശ്രമങ്ങളിലും നിന്നുണ്ടായതാണ്. ഒരുപക്ഷേ കാലത്തിനനുസരിച്ച് നമ്മുടെ തൊഴിലുകളിലും വസ്ത്രധാരണങ്ങളിലും മാറ്റം സംഭവിച്ചിരിക്കാമെന്നും എന്നാൽ നമ്മുടെ സംസ്‌കാരവും പാരമ്പര്യ മൂല്യങ്ങളും മുറുകെ പിടിക്കുന്ന സ്വഭാവം മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാക്ക വിഭാഗങ്ങളുടെയും വനവാസി വിഭാഗങ്ങളുടെയും ഉന്നമനത്തിനായി ഓരോരുത്തരും പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ക്ഷേമത്തിനായി ഓരോരുത്തരും അഹോരാത്രം പ്രവർത്തിക്കണം. 33 കോടി ദേവന്മാരും ദേവതകളും നമുക്കുണ്ട്. 3,800ലധികം ഭാഷകൾ സംസാരിക്കുന്നവരാണ് ഇന്ത്യയിലുള്ളത്. വ്യത്യസ്ത ദൈവങ്ങളെ വ്യത്യസ്ത രീതിയിൽ ആരാധിക്കുന്നവരാണ് ഭാരതീയരെങ്കിലും നമ്മുടെ മനസ് ഒന്നാണെന്നും ഇതുപോലെ ഒത്തൊരുമ്മ മറ്റൊരു രാജ്യത്തും കാണാൻ സാധിക്കില്ലെന്നും ഡോ. മോഹൻ ഭാഗവത് പറഞ്ഞു.















