ന്യൂഡൽഹി : ലക്ഷദ്വീപിൽ സൈനിക വ്യോമതാവളങ്ങൾ നിർമ്മിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ . ഇതുമായി ബന്ധപ്പെട്ട പദ്ധതിക്ക് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി.
വ്യാഴാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ കേന്ദ്രസർക്കാർ നിർദേശങ്ങൾ അംഗീകരിച്ചതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി . ലക്ഷദ്വീപിൽ വളരുന്ന ചൈനീസ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായാണ് ലക്ഷദ്വീപ് പ്രദേശങ്ങളിൽ സൈനിക വ്യോമതാവളങ്ങൾ നിർമ്മിക്കുന്നത് . മാത്രമല്ല വർധിച്ചു വരുന്ന ഭീകരാക്രമണ ഭീഷണികൾക്ക് തടയിടുകയെന്നതും സർക്കാർ ലക്ഷ്യം വയ്‌ക്കുന്നുണ്ട്.
മിനിക്കോയ് ദ്വീപുകളിൽ പുതിയ വ്യോമതാവളം നിർമ്മിക്കാനും ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്ത് അറബിക്കടലിലെ അഗത്തി ദ്വീപിൽ നിലവിലുള്ള വ്യോമതാവളം നീട്ടാനുമാണ് നിർദ്ദേശം. ദീർഘദൂര ഡ്രോണുകൾക്കൊപ്പം എല്ലാത്തരം യുദ്ധവിമാനങ്ങളും ഗതാഗത വിമാനങ്ങളും വിന്യസിക്കാനും പ്രവർത്തിപ്പിക്കാനും പ്രാപ്തമാക്കുന്ന വ്യോമത്താവളങ്ങൾക്കാണ് മുൻതൂക്കം നൽകുക.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനീസ് നാവികസേന തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയും മേഖലയിൽ പാക് നാവികസേനയുമായി അടുത്ത് സഹകരിക്കുകയും ചെയ്യുന്ന സമയത്താണ് ഈ നിർണ്ണായക നീക്കം. മൂന്ന് പ്രതിരോധ സേനകളും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഉപയോഗിക്കുന്ന സൈനികത്താവളമാകും പുതിയ വ്യോമതാവളം .മിനിക്കോയ് ദ്വീപുകളിൽ ഒരു എയർസ്ട്രിപ്പ് വികസിപ്പിക്കാൻ നിർദ്ദേശിച്ച പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആദ്യത്തെ സേനയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്
മാലദ്വീപിൽ നിന്ന് 50 മൈൽ അകലെയുള്ള മിനിക്കോയ് ദ്വീപുകളിലെ വിമാനത്താവളം പ്രതിരോധ സേനയ്‌ക്ക് അറബിക്കടലിൽ നിരീക്ഷണം വ്യാപിപ്പിക്കാനുള്ള സാദ്ധ്യത നൽകും. മാത്രമല്ല മിനിക്കോയ് വിമാനത്താവളം ഈ മേഖലയിലെ ടൂറിസത്തിന് ഉത്തേജനം നൽകുകയും ചെയ്യും.