ശിവകാർത്തികേയൻ നായകനായ അമരന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദീപാവലി റിലീസായി ഒക്ടോബർ 31-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും ശിവകാർത്തികേയൻ പങ്കുവച്ചിട്ടുണ്ട്.
ദീപാവലിയോടനുബന്ധിച്ച് പുറത്തിറങ്ങാനിരിക്കുന്ന രജനികാന്തിന്റെ വേട്ടയാൻ, അജിത്തിന്റെ വിടാമുയർച്ചി എന്നി ചിത്രങ്ങളോടൊപ്പമാണ് അമരനും റിലീസിനൊരുങ്ങുന്നത്. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം വീരമൃത്യു വരിച്ച മുകുന്ദ് വരദരാജന്റെ ജീവിതകഥയാണ് പറയുന്നത്.
കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ശിവകാർത്തികേയൻ ആർമിയുടെ പരിശീലനവും നേടിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത ലുക്കിലാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. സായ് പല്ലവിയാണ് അമരനിലെ നായിക. മുകുന്ദ് വരദരാജന്റെ ജീവിതത്തിലൂടെയും യുദ്ധത്തിന്റെ പശ്ചാത്തലത്തിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്.
ഭുവൻ അറോറ, രാഹുൽ ബോസ്, വികാസ് ബംഗർ എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. കശ്മീരിലുൾപ്പെടെയാണ് ചിത്രീകരണം നടന്നത്. കമൽഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.