ബെംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ രക്ഷിക്കുന്നതിനായി കാസർകോട് നിന്നുള്ള ദുരന്ത നിവാരണ സംഘം അപകട സ്ഥലത്തേക്ക് തിരിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് കർണാടകയിലേക്ക് തിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായാണ് തുടരുന്നത്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാവുകയാണ്.
കഴിഞ്ഞ 16-നാണ് അർജുൻ ഓടിച്ച ലോറിയ്‌ക്ക് മുകളിലൂടെ മണ്ണിടിഞ്ഞ് വീണത്. കർണാടകയിൽ നിന്ന് തടിയും കയറ്റി വരുന്നതിനിടെ വിശ്രമിക്കാൻ റോഡിനരികിൽ നിർത്തിയിട്ടിരുന്നപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. കർണാടകയിലെ ഷിരൂർ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഗംഗാവലി നദിയ്‌ക്ക് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.
വെള്ളത്തിനടിയിൽ ലോറിയുണ്ടോ എന്നറിയുന്നതിനായി നാവികസേനയെ സ്ഥലത്തെത്തിക്കുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പ്രതികരിച്ചു. പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വളരെ ദുഷ്കരമാണ്. അടിയന്തര ചികിത്സ നൽകുന്നതിനായി മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
അപകടത്തിന് ശേഷം രണ്ട് തവണ അർജുന്റെ ഫോൺ റിംഗ് ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നതാണ് കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററുകൾ ഉടൻ സ്ഥലത്തെത്തും. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിക്കാൻ ഗോവ നാവികസേനാ ആസ്ഥാനത്ത് നിന്ന് അനുമതി തേടിയിട്ടുണ്ട്.















