—ആർ.കെ രമേഷ്—
ആറുവർഷം മുൻപ് പുറത്തേറ്റ പരിക്കാണ് സുഖ്ജീത് സിംഗിന്റെ ജീവിതത്തിലും കരിയറിലും കരിനിഴൽ വീഴ്‌ത്തിയത്. പരിക്കിനെ തുടർന്ന് ഇന്ത്യൻ ഹോക്കി താരത്തിന്റെ ഒരു കാല് പക്ഷാഘാതം ബാധിച്ച് തളർന്നു. എതിരാളികളെ വെട്ടിയൊഴിഞ്ഞ് പന്തുമായി കുതിക്കേണ്ട കാല് തളർന്നെങ്കിലും സുഖ്ജീത് പക്ഷേ തളർന്നില്ല. അയാൾക്ക് തിരിച്ചുവരാതിരിക്കാനും ആകുമായിരുന്നില്ല. കാരണം രാജ്യത്തോടും കളിയോടും അയാൾക്കുള്ള അഭിനിവേശം അത്രത്തോളമുണ്ടായിരുന്നു.
ജൂലായ് 26ന് പാരിസിൽ ഒളിമ്പിക്സിന് കൊടിയേറുമ്പോൾ ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ഈ 28-കാരനുമുണ്ട്. താരത്തിന്റെ ആദ്യ ഒളിമ്പിക്സ് എൻട്രിയാണിത്. തളരാൻ മനസില്ലാത്ത ആത്മസമർപ്പണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സുഖ്ജീത്തിന്റെ യാത്ര. ആറാം വയസിൽ ഹോക്കി സ്റ്റിക്ക് കൈയിലെടുത്ത ഈ ജലന്ധറുകാരൻ 2018-ലാണ് ആദ്യമായി ഇന്ത്യൻ സീനിയർ ടീമിന്റെ ക്യാമ്പിൽ ഉൾപ്പെടുന്നത്. എന്നാൽ പുറത്തേറ്റ പരിക്ക് വില്ലനായപ്പോൾ സുഖ്ജീത്തിന്റെ വലതുകാൽ തളർന്നു. സ്വപ്നങ്ങൾക്ക് മങ്ങലേറ്റു. ജീവിതത്തിലെ ഏറ്റവും കഠിനമേറിയ കാലമെന്നാണ് താരം അതിനെ വിശേഷിപ്പിക്കുന്നത്.
“അഞ്ചുമാസം കിടപ്പിലായിരുന്നു ശാരീരികമായും മാനസികമായും തളർന്നു. നടക്കാൻ പോലു, എന്തിനേറെ ആഹാരം കഴിക്കുന്നതു പോലുള്ള ലളിതമായ കാര്യങ്ങളും അസാധ്യമായി. ഓരോ ദിവസം ഹോക്കി കളിക്കുന്ന സ്വപ്നം അകലുന്നതായി തോന്നി, വളരെ നിരാശ നൽകിയ നാളുകളായിരുന്നു അത്—-അദ്ദേഹം ഓർത്തെടുത്തു.
കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണ, പ്രത്യേകിച്ച് പിതാവിന് എന്നിലുള്ള വിശ്വാസം അതാണ് എന്നെ വീണ്ടും നടത്തിച്ചതും ഇവിടെ വരെയെത്തിച്ചതും. ഞാൻ കളത്തിലേക്ക് തിരിച്ചുവരുന്നത് കാണാൻ ഏറ്റവും കൂടുതൽ കഠിനാദ്ധ്വാനം ചെയ്തത് പിതാവാണ്. എല്ലാ ഉപേക്ഷിക്കാമെന്ന് കരുതിയപ്പോഴൊക്കെ ശക്തി പകർന്ന് ഒപ്പം നിന്നു. എനിക്ക് വേദനകളും വെല്ലുവിളികളും മറികടക്കാൻ കരുത്ത് പകർന്നു’-സുഖ്ജീത് പറഞ്ഞു..
പരിക്കിനെ മറികടന്നെത്തിയ സുഖജീത്തിന് 2021-22 ( FIH Pro League season)ലാണ് ഇന്ത്യൻ ജഴ്സി അണിയാൻ അവസരം ലഭിക്കുന്നത്. സ്പെയിനിനെതിരെ ഗോളോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി. കഴിഞ്ഞ രണ്ടുവർഷമായി ടീം ഇന്ത്യയുടെ നിർണായക താരമായി സുഖ്ജീത് വളർന്നു. 70 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളാണ് നേടിയത്. 2023-ലെ ഹോക്കി ലോകകപ്പിൽ ആറു മത്സരങ്ങലിൽ നിന്ന് മൂന്ന് ഗോളുകൾ നേടി ഇന്ത്യൻ മുന്നേറ്റ നിരയുടെ നെടുംതൂണായി. ഹാങ്ചോയിൽ സ്വർണം കൊയ്ത ടീമിലും സുഖ്ജീത് അംഗമായിരുന്നു.
“ഒളിമ്പിക്സിൽ കളിക്കുന്നത് എന്റെയും കുടുംബത്തിന്റെയും സ്വപ്നമായിരുന്നു. എന്റെ കഠിനാദ്ധ്വാനവും സമർപ്പണവും ഫലം കണ്ടു. പരിശീലകനും ടീമംഗങ്ങളും എന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം എന്ത് വിലകൊടുത്തും കാക്കും. പാരിസിൽ എല്ലാം നൽകി ടീമിനായി പോരാടും’.















