കണ്ണൂർ: സ്കൂളിന്റെ അടുക്കള കുത്തിത്തുറന്ന് മുട്ടകൾ മോഷ്ടിച്ചതായി പരാതി. കണ്ണൂർ ചെറുകുന്ന് പള്ളിക്കരയിലെ എഡി എൽപി സ്‌കൂളിലാണ് കവർച്ച നടന്നത്. കുട്ടികൾക്ക് പാകം ചെയ്‌ത് നൽകാൻ സൂക്ഷിച്ചിരുന്ന 40 മുട്ടകളാണ് കള്ളൻ കൊണ്ടു പോയത്. മുട്ടയ്‌ക്കൊപ്പം ഡയറിയിൽ സൂക്ഷിച്ചിരുന്ന 1800 രൂപയും കവർന്നു.
മൊത്തം 2500 രൂപയുടെ നഷ്‌ടം ഉണ്ടായതായി സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ പറയുന്നു. ജൂലായ് 15നും 18ന് ഇടയിലാണ് കവർച്ച നടന്നത്. ഈ ദിവസങ്ങളിൽ മഴ കാരണം സ്കൂളിന് അവധിയായിരുന്നു. പ്രധാനാദ്ധ്യാപിക പിജെ രേഖ ജെയ്‌സിയുടെ പരാതിയിൽ കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.