ന്യൂഡൽഹി: ആഗോളതലത്തിൽ വൻ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ് വിൻഡോസിന്റെ സാങ്കേതിക തകരാർ. പ്രശ്നം പരിഹരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചെങ്കിലും ലോകത്തെമ്പാടുമുള്ള വിവിധ സേവനങ്ങളെ തകരാർ അടപടലം ബാധിച്ചു. ബാങ്കുകളിലെ പ്രവർത്തനങ്ങൾ, വ്യോമയാന മേഖലയിലെ സേവനങ്ങൾ, ഓഹരി വിപണി കേന്ദ്രങ്ങൾ എല്ലാം വിൻഡോസ് തകരാറിലായതോടെ പ്രതിസന്ധിയിലായി.
ഇൻഡിഗോയുടെ മാത്രം 192 ഫ്ലൈറ്റ് സർവീസുകളാണ് റദ്ദാക്കപ്പെട്ടതെന്ന് കമ്പനി അറിയിച്ചു. യാത്ര മുടങ്ങിയവർക്ക് റീ-ബുക്ക് സേവനം ലഭ്യമാക്കുകയോ റീ-ഫണ്ട് നൽകുകയോ നിലവിൽ പ്രായോഗികമല്ലെന്നാണ് കമ്പനി പറയുന്നത്. വിൻഡോസ് പ്രശ്നമായതിനാൽ ചെക്ക്-ഇൻ സൗകര്യം മന്ദഗതിയിലാണ്. അതിനാൽ വിമാനത്താവളങ്ങളിൽ നീണ്ട ക്യൂവാണുള്ളതെന്നും സേവനങ്ങൾ ഇനിയും വൈകുമെന്നും കമ്പനി അറിയിച്ചു. ബോർഡിംഗ് പാസ് അച്ചടിക്കുന്നതടക്കം പ്രതിസന്ധിയിൽ ആയതോടെ കൈപ്പടയിലുള്ള ബോർഡിംഗ് പാസുകളാണ് യാത്രക്കാർക്ക് നൽകിയത്.
വിൻഡോസ് ഉപയോഗിക്കുന്നവരുടെ ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും തനിയെ റീസ്റ്റാർട്ട് ആവുകയോ ഷട്ട് ഡൗൺ ചെയ്യുന്നതോ ആണ് നേരിടുന്ന പ്രശ്നം. സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിലെ പ്രശ്നമാണ് വിൻഡോസിന് വിനയായതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു.















