കൊൽക്കത്ത: യൂട്യൂബ് വീഡിയോയ്‌ക്ക് വ്യൂസ് കൂട്ടാൻ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാക്കൾ. യുവാക്കൾ ആനയുടെ അടുത്തേക്ക് നടന്നുനീങ്ങി അപകടകരമാം വിധം വീഡിയോ ചിത്രീകരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഝാർഗ്രാം ജില്ലയിലെ വനപ്രദേശത്താണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
അടുത്തേക്ക് നടന്നടുത്ത് ആനയെ പ്രകോപിപ്പിക്കുന്ന യുവാക്കളുടെ പിന്നാലെ പാഞ്ഞടുക്കുന്ന കൊമ്പനെയും ദൃശ്യങ്ങളിൽ കാണാം. ആന നിൽക്കുന്നതു വരെ യുവാക്കളും ഓടുന്നുണ്ട്. നാല് ദിവസങ്ങൾക്ക് മുൻപാണ് വീഡിയോ പുറത്തുവന്നത്. വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്ന യൂട്യൂബ് ചാനൽ ആനകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ രണ്ട് യൂട്യൂബ് ചാനലുകളാണ് 2023 മുതൽ സജീവമായിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ‘ജംഗൽ മഹൽ എലിഫന്റ് ഗ്യാങ്’, ‘പുകുരിയ എലിഫന്റ് ഗ്യാങ്’എന്നീ പേരുകളിലാണ് ചാനലുകൾ.
2023 ഓഗസ്റ്റിലാണ് “ജംഗൽ മഹൽ എലിഫൻ്റ് ഗ്യാങ്” ചാനൽ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ 105 വീഡിയോകൾ ഇതിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ചാനലിന് ഏകദേശം 27,000 സബ്സ്ക്രൈബേഴ്‌സാണുള്ളത്. 2023 ഓഗസ്റ്റിൽ തന്നെ തുടങ്ങിയ പുകുരിയ എലിഫൻ്റ് ഗ്യാങ്ങിൽ 198 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആനകളുടെ ആക്രമണങ്ങളും മരണങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള തെക്കൻ ബംഗാളിലും ഝാർഖണ്ഡിലുമാണ് ഇത്തരം വീഡിയോകൾ ചിത്രീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പശ്ചിമ ബംഗാൾ വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.















