ന്യൂഡൽഹി: റഷ്യൻ സേനയിൽ ജോലിചെയ്യുന്ന 50 ഓളം ഇന്ത്യൻ പൗരന്മാർ തിരികെ നാട്ടിലെത്താൻ സഹായം തേടി അധികൃതരെ സമീപിച്ചതായി വിദേശകാര്യമന്ത്രാലയം. എത്രയും വേഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്നും വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
നേതൃത്വത്തിലുൾപ്പെടെ സാധ്യമായ എല്ലാ തലങ്ങളിലും ഇന്ത്യ വിഷയം ഉയർത്തിക്കൊണ്ട് വന്നിട്ടുണ്ട്. അടുത്തിടെ മോസ്‌കോയിൽ നടന്ന വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി ഇക്കാര്യം ഉന്നയിക്കുകയും ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടന്ന് മടക്കി അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് രൺധീർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ആവശ്യത്തിന് ശുഭ സൂചകമായ പ്രതികരണമാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്ൻ-റഷ്യ സംഘർഷ ഭൂമിയിൽ റഷ്യൻ സേനയിൽ ജോലി ചെയ്തിരുന്ന നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ നടത്തിയ അന്വേഷണത്തിൽ റിക്രൂട്ടിങ് ഏജൻസികൾ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചാണ് പലരെയും റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തതെന്ന് വ്യക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റഷ്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി വിഷയം ഉന്നയിച്ചത്.
പലരും പാചകക്കാരും സഹായികളും, സപ്പോർട്ടിങ് സ്റ്റാഫുകളായും റഷ്യൻ സേനയിൽ ജോലി ചെയ്യുന്നവരാണ്. റിക്രൂട്ട് ചെയ്യപ്പെട്ട 2 ഇന്ത്യക്കാർ ഇതിനോടകം രാജ്യത്ത് മടങ്ങിയെത്തിയിരുന്നു. ഇന്ത്യക്കാരെ കൂടാതെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, എന്നിവിടങ്ങളിൽ നിന്നുള്ളവരും റഷ്യൻ സേനയിൽ ജോലി ചെയ്യുന്നതായാണ് വിവരം.















