തിരുവനന്തപുരം: ദക്ഷിണ വ്യോമസേന സ്ഥാപിതമായതിന്റെ 40-ാം വാർഷികത്തിന്റെ ഭാഗമായി കാഴ്ചയുടെ വർണ്ണ വിസ്മയമൊരുക്കി സാരംഗ് എയർ ഷോ. വ്യോമസേനയുടെ നേതൃത്വത്തിൽ 5 സാരംഗ് ഹെലികോപ്റ്ററുകളാണ് എയർ ഷോ അവതരിപ്പിച്ചത്. ശംഖുമുഖം കടപ്പുറത്ത് നൂറുകണക്കിന് ആളുകളാണ് കാഴ്ചക്കാരായി എത്തിയത്. 15 മിനിറ്റോളം എയർ ഷോ നീണ്ടുനിന്നു.
പുഷ്പവൃഷ്ടി നടത്തിയും വിവിധ ഫോർമേഷനുകളിൽ പറന്നും കാണികളുടെ കണ്ണിലും മനസിലും അത്ഭുതം നിറച്ചാണ് എയർഷോ അവസാനിച്ചത്. 20 നും 21 നും ലുലു മാളിൽ വ്യോമസേന സിംഫണി ഓർക്കസ്ട്രയുടെയും എയർ വാരിയേഴ്സ് ഡ്രിൽ ടീമിന്റെയും പ്രകടനങ്ങളും എക്‌സിബിഷനുകളുമുണ്ടാകും.
ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും ഏറ്റവും പുതിയ ആയുധങ്ങളുമായി വ്യോമസേന ഗരുഡ് കമാൻഡോകളും പ്രദർശനത്തിന്റെ ഭാഗമാകും.
വ്യോമസേനയിലെ ജോലി സാധ്യതകളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങളുള്ള പബ്ലിസിറ്റി സ്റ്റാൾ, നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി) സ്റ്റാൾ, എയർഫോഴ്സ് ഫാമിലി വെൽഫെയർ അസോസിയേഷന്റെ സ്റ്റാൾ തുടങ്ങി വിവിധ എക്സിബിഷൻ സ്റ്റാളുകളും ഒരുക്കും.
രാജ്യത്തുടനീളം നടത്തുന്ന പബ്ലിസിറ്റി ഡ്രൈവിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇൻഡക്ഷൻ പബ്ലിസിറ്റി എക്സിബിഷൻ വെഹിക്കിൾ (IPEV) എന്ന വാഹനവും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
21-ന് വൈകിട്ട് 5.30 വരെ പ്രദർശനം തുടരും. വൈകീട്ട് 6 മണി മുതൽ വ്യോമസേന ബാൻഡിന്റെ പ്രകടനവും ഉണ്ടായിരിക്കും.