ന്യൂഡൽഹി: യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി ഫോണിൽ ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കുലേബയുമായി ഫോണിൽ ചർച്ച നടത്തിയ വിവരം എസ്.ജയശങ്കർ തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. ജയശങ്കറുമായി സംസാരിച്ച വിവരം ദിമിത്രോ കുലേബയും സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
ഈ വർഷമാദ്യം ഡൽഹിയിൽ സന്ദർശനം നടത്തിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു. ‘ ഈ വർഷം ആദ്യം ഞാൻ ഡൽഹിയിൽ സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനവും, പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് സെലൻസ്‌കിയും ഇറ്റലിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് എസ്.ജയശങ്കറുമായി സംസാരിച്ചുവെന്നും” അദ്ദേഹം വ്യക്തമാക്കി.
വിദേശകാര്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഈ വർഷം മാർച്ചിലാണ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുലേബ ഇന്ത്യയിലെത്തിയത്. റഷ്യ-യുക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ടും, ഒത്തുതീർപ്പ് ശ്രമങ്ങളുമായി ബന്ധപ്പെട്ടും എസ്.ജയശങ്കറുമായി അന്ന് അദ്ദേഹം ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജൂണിൽ ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സെലൻസ്‌കി കൂടിക്കാഴ്ച നടത്തിയത്.
യുക്രെയ്നിൽ സമാധാനപരമായ അന്തരീക്ഷം ഒരുക്കണമെന്നും, ഇതിനായി ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചിരുന്നു. യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനും, ഇന്ത്യയും യുക്രെയ്നും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഇരുനേതാക്കളും ചർച്ചകളിൽ ഏർപ്പെട്ടതായും വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.