ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്‌ക്കായി ആദ്യ സ്വർണം നേടിയ നീരജ് ചോപ്ര തന്നെയാണ് പാരിസിലെയും ഉറച്ച പ്രതീക്ഷ. ജാവലിൻ ത്രോയിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന താരമാണ് നീരജെന്നതിൽ സംശയമില്ല. എന്നാൽ പാരിസിൽ നീരജിന് വെല്ലുവിളിയുയർത്തുന്ന നിരവധി താരങ്ങളുണ്ട്. അതിൽ മുൻനിരയിലാണ് പാകിസ്താന്റെ അർഷാദ് നദീം. ക്രിക്കറ്റിൽ ഇന്ത്യ- പാക് മത്സരം കാണുമ്പോഴുള്ള അതേ ആവേശമാണ് അത്‌ലറ്റിക്‌സിലെ നീരജ്- അർഷാദ് പോരാട്ടവും.
ഇന്ത്യയുടെ സുവർണ സ്വപ്‌നങ്ങൾക്ക് തേര് തെളിയിക്കുന്നത് നീരജ് ആണെങ്കിൽ മാർച്ച് പാസ്റ്റിൽ പാകിസ്താന്റെ പതാക വഹിക്കുന്നത് അർഷാദ് നദീമാണ്. 9 തവണയാണ് ഇരുവരും ഒരുമിച്ച് മത്സരിച്ചിട്ടുള്ളതെങ്കിലും നീരജിനെ വീഴ്‌ത്താൻ ഇതുവരെയും അർഷാദിന് സാധിച്ചിട്ടില്ല.
90 മീറ്റർ എന്ന മാന്ത്രിക നമ്പറിൽ ഇതുവരെയും നീരജിന്റെ ത്രോ എത്തിയില്ലെങ്കിലും 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ അർഷാദ് ആ നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാൽ ആ ചാമ്പ്യൻഷിപ്പിൽ നീരജ് മത്സരിച്ചിരുന്നില്ല. 2023-ലെ ബുഡാപെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിൽ നീരജ് സ്വർണം നേടിയപ്പോൾ അർഷാദിനായിരുന്നു വെള്ളി. അന്ന് നീരജിലൂടെ ആദ്യ അത്‌ലറ്റിക്‌സ് ചാമ്പ്യനെ ഇന്ത്യക്ക് ലഭിച്ചപ്പോൾ ലോക അത്‌ലറ്റിക്‌സിൽ മെഡൽ നേടുന്ന ആദ്യ പാകിസ്താൻ താരമെന്ന നേട്ടം അർഷാദിന് സ്വന്തമായി.
ഗുവാഹത്തിയിൽ 2016-ൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസ് മുതലാണ് ജാവലിൻ ത്രോയിലെ ഇരുവരും തമ്മിലുള്ള മത്സരം ആരംഭിച്ചത്. നീരജിന്റെ പ്രകടനങ്ങൾ തനിക്ക് പ്രചോദനമേകുന്നതായി നദീം പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. പാരിസിൽ സുഹൃത്തുകൾ മത്സരിക്കുമ്പോൾ നദീം നീരജിനെ എറിഞ്ഞ് വീഴ്‌ത്തുമോ എന്ന് കാത്തിരുന്ന് കാണാം.