വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്ക് മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ടെന്നീസ് താരം സാനിയ മിർസയെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായാണ് താരം രംഗത്തെത്തിയത്. ഇരുവരും വിവാഹിതരാകാൻ പോകുന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശുഭങ്കർ മിശ്ര എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കിംവദന്തികളെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ ഷമി പൊട്ടിത്തെറിക്കുകയായിരുന്നു. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് താരം ആവശ്യപ്പെട്ടു.
‘ഫോൺ തുറന്നാൽ കാണുന്നത് ഇത്തരത്തിലുള്ള വ്യാജ പോസ്റ്റുകളാണ്. തമാശയ്‌ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ ജീവിതമാണെന്ന് ഓർക്കണം. പ്രചരിപ്പിക്കുന്നതിന് മുമ്പ് അതേ കുറിച്ച് രണ്ടാമത് ചിന്തിക്കണമെന്നും ഷമി പറഞ്ഞു. വെരിഫേയ്ഡ് പേജുകളിൽ നിന്നാണ് ഇത്തരത്തിലുള്ള ചോദ്യം വരുന്നതെങ്കിൽ അതിന് താൻ മറുപടി നൽകുമെന്നും ഷമി കൂട്ടിച്ചേർത്തു. വിജയം നേടാൻ ശ്രമിക്കുക, ആളുകളെ സഹായിക്കുക, സ്വയം നവീകരിക്കുക, അപ്പോൾ നിങ്ങൾ ഒരു നല്ല വ്യക്തിയാണെന്ന് ഞാൻ വിശ്വസിക്കും’-ഷമി പറഞ്ഞു.
മുഹമ്മദ് ഷമിയും സാനിയ മിർസയും വിവാഹിതരായി എന്ന തരത്തിലുളള വ്യാജ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹവസ്ത്രത്തിൽ നിൽക്കുന്ന ചിത്രമാണ് പ്രചരിച്ചത്. സാനിയ മിർസയുമായി വേർപിരിഞ്ഞതിന് പിന്നാലെ പാക് സിനിമാതാരം സന ജാവേദിനെ ഷൊയ്ബ് മാലിക് വിവാഹം കഴിച്ചു. ഷമിയുടെയും സാനിയയുടെയും ചിത്രങ്ങൾ പ്രചരിച്ചതോടെ വിവാഹ വാർത്ത നിഷേധിച്ച് സാനിയയുടെ പിതാവ് ഇംറാൻ മിർസയും രംഗത്തുവന്നിരുന്നു.