മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം കെണിയിൽപ്പെടുത്തി നടത്തിവന്ന പെൺവാണിഭ റാക്കറ്റ് സംഘത്തെ പിടികൂടി പൊലീസ്. കുർള സ്റ്റേഷനിൽ നിന്നാണ് സംഘത്തെ ക്രൈം ബ്രാഞ്ച് സംഘം വലയിലാക്കിയത്. കുടുംബമെന്ന മറവിലായിരുന്നു സംഘം വേശ്യാവൃത്തിക്ക് കുട്ടികളെ കടത്തിയിരുന്നത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. സബീന മാലിക് (23), കൂട്ടാളികളായ അഫ്താബ് മാലിക് (26), മെഹ്ജാബി ഷെയ്ഖ് (29) എന്നിവരെ അറസ്റ്റ് ചെയ്തു.
മുംബൈയിലെ ഗോവണ്ടി മേഖലയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള പെൺകുട്ടികളെ വേശ്യാവൃത്തിക്കായി കടത്തുന്ന സംഘത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് യൂണിറ്റ് 5 ന് വിവരം ലഭിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കുർള മേഖലയിലേക്ക് കൊണ്ടുവരുന്നതായി വിവരം ലഭിച്ച ക്രൈം ബ്രാഞ്ച് സംഘം കെണിയൊരുക്കി പ്രതികളെ പിടികൂടുകയായിരുന്നു. മൂന്നു പ്രതികളും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നും അഫ്താബും സബീനയും ഭാര്യാഭർത്താക്കന്മാരാണെന്നും മെഹജാബി സബീനയുടെ മൂത്ത സഹോദരിയാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ 3-4 മാസമായി മാലിക് കുടുംബം പ്രദേശത്ത് പെൺവാണിഭം നടത്തുന്നതായി റിപ്പോർട്ടുണ്ട്. വളരെ ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് ഇവർ ലക്ഷ്യമിടുന്നത്, പണത്തിന് പകരമായി ശരീരം വില്ക്കാൻ നിർബന്ധിക്കുകയും മർദിക്കുകയും ചെയ്യാറുണ്ട്. ഫോൺ വഴിയാണ് ഇവർ കസ്റ്റമറിനെ കണ്ടെത്തുന്നതും മീറ്റിംഗുകൾ ക്രമീകരിക്കുന്നതും. ഇതിനായി വലിയൊരു പട്ടികയും ഇവരുടെ പക്കലുണ്ട്. പ്രതികൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി.















