വരുന്ന ഐപിഎൽ മെഗാലേലത്തിൽ ഋഷഭ് പന്തിനെ നിലിനിർത്താൻ ഡൽഹി ക്യാപിറ്റൽസിന് താത്പ്പര്യമില്ലെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ നേതൃത്വത്തിൽ ടീം മാനേജ്മെൻ്റിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരത്തെ ചെന്നൈ സൂപ്പർ കിംഗ്സ് വാങ്ങിയേക്കുമെന്ന് സൂചനകളുണ്ട്. അഞ്ചു തവണ ചാമ്പ്യന്മാരായ ചെന്നൈ ധോണിയുടെ പിൻഗാമി എന്ന നിലയിലാണ് പന്തിനെ നോട്ടമിടുന്നത്. ട്രെയിഡിംഗിലൂടെ സ്വന്തമാക്കാനാകും തീരുമാനിക്കുക എന്നാണ് വിവരം.അതേസമയം പന്തിനെ ഡൽഹിയിൽ തന്നെ നിലനിർത്തണമെന്ന തീരുമാനമാണ് ടീം ഡയറക്ടർ സൗരവ് ഗാംഗുലിക്ക്.
മുംബൈ ഇന്ത്യൻസിൽ നിന്നും അത്ര ശുഭകരമായ വാർത്തകളല്ല പുറത്തുവരുന്നത്. ഹാർദിക് ക്യാപ്റ്റനായതു മുതൽ ഉടലെടുത്ത അസ്വാരസ്യങ്ങളുടെ ഭാഗമായി രോഹിത്തും സൂര്യകുമാർ യാദവും മുംബൈ വിടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇരുവരെയും കൊൽക്കത്ത ടീമിലെത്തിക്കുമെന്ന് സൂചനയുമുണ്ട്. സൂര്യകുമാർ നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡഴേസ് താരമായിരുന്നു.
അതേസമയം ലക്നൗ സൂപ്പർ ജയൻ്റ്സ് താരമായ കെ.എൽ രാഹുലും ടീം വിട്ടേക്കും. ടീം ഉടമ സഞ്ജീവ് ഗോയേങ്കയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ താരത്തെ ടീം വിടാൻ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കർണാടകക്കാരനായ രാഹുലിനെ എൽ.എസ്.ജി 17 കോടി രൂപ മുടക്കിയാണ് 2022ലെ മെഗാ ലേലത്തിൽ ടീമിലെത്തിച്ചത്.
31-കാരൻ നേരത്തെ ബെംഗളൂരുവിന് വേണ്ടി പാഡ് അണിഞ്ഞിട്ടുണ്ട്. 2013-16വരെ ആർസിബി താരമായിരുന്ന രാഹുൽ ബെംഗളൂരുവിലേക്ക് മടക്കുമെന്നാണ് വിവരം. പലവട്ടം രാഹുൽ ബെംഗളൂരുവിനായി വീണ്ടും കളിക്കുന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഫാഫ് ഡുപ്ലെസിയുടെ നേതൃത്വത്തിൽ ആർ.സി.ബി പ്ലേ ഓഫ് കളിച്ചിരുന്നു. അതേസമയം ഇന്ത്യൻ നായകനെ തേടുന്ന ബെംഗളൂരു രാഹുലിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.