കോഴിക്കോട്: നിപ സ്ഥിരീകരിച്ച 14-കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത് പൂട്ടുപൊളിച്ച്. മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചയെ തുടർന്ന് അതീവഗുരുതരാവസ്ഥയിലുള്ള കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിയതിന് ശേഷം വാർഡിൽ പ്രവേശിപ്പിക്കാൻ അരമണിക്കൂറോളം വൈകി. സ്വകാര്യ ആശുപത്രിയിൽ നിന്ന് കുട്ടിയെ മാറ്റുന്നതിനായി മെഡിക്കൽ കോളേജ് അധികൃതർക്ക് അറിയിപ്പ് ലഭിക്കാൻ വൈകിയതും കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ (കെഎച്ച്ആർഡബ്ല്യുഎസ്) നിസ്സഹകരണവുമാണ് വീഴ്ചയ്‌ക്ക് കാരണമായത്.
കെഎച്ച്ആർഡബ്ല്യുഎസിന്റെ പേവാർഡ് ഐസൊലേഷൻ വാർഡാക്കി സജ്ജീകരിക്കുന്നതിലാണ് താമസമുണ്ടായത്. പേ വാർഡിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു. തുടർന്ന് കെഎച്ച്ആർഡബ്ല്യുഎസിൽ നിന്ന് പേവാർഡിലെ ഐസൊലേഷൻ മുറിയുടെ താക്കോൽ ലഭിക്കാത്തതിനെത്തുടർന്ന് ചുറ്റിക ഉപയോഗിച്ച് പൂട്ടുപൊളിക്കേണ്ടിവരികയായിരുന്നു. പിന്നാലെ ശുചീകരണ തൊഴിലാളികളും ആരോഗ്യപ്രവർത്തകരും ചേർന്ന് വൃത്തിഹീനമായി കിടന്ന ഐസോലേഷൻ മുറി വൃത്തിയാക്കി. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ഐസോലേഷൻ മുറി പ്രവർത്തന രഹിതമായത്.
ആരോഗ്യവകുപ്പും വിഷയത്തിൽ ഇടപെടാൻ തയ്യാറാകാതിരുന്നതോടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും വലഞ്ഞു. രോഗബാധിതനായ കുട്ടിയോടൊപ്പം വന്ന ബന്ധുക്കളും മറ്റൊരു ആംബുലൻസിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു.