തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങൾ ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നുവെന്ന പരാതിയിൽ നടപടിക്കൊരുങ്ങി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ആയുർവേദ കോളേജിന് സമീപമുള്ള പോത്തീസ് സ്വർണ മഹൽ, അട്ടക്കുളങ്ങര രാമചന്ദ്ര ടെക്സ്റ്റൈൽസ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് പരാതി.
മാലിന്യം ഓടയിൽ ഒഴുക്കുന്നതിന്റെ വീഡിയോയും പരാതിയും വാട്സ്ആപ്പിൽ ലഭിച്ചതിന് പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട എസ്എച്ച്ഒയ്‌ക്ക് നിർദ്ദേശം നൽകിയതായി മേയർ അറിയിച്ചു. നഗരസഭ ഉദ്യോഗസ്ഥർ ഇവിടങ്ങളിൽ പരിശോധന നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് നടപടി. രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ നിന്ന് കക്കൂസ് മാലിന്യം കെആർഎഫ്ബിയുടെ ഓടയിലേക്കാണ് ഒഴുക്കിവിടുന്നതെന്ന് പരിശോധനയിൽ വ്യക്തമായി.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയുടെ മറവിൽ വാഹനങ്ങളിൽ മാലിന്യം തള്ളാൻ വന്നവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാൻ നഗരസഭ കത്ത് നൽകിയിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു. കക്കൂസ് മാലിന്യമടക്കം പൊതുവിടത്തിൽ ഒഴുക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമപരമായ എല്ലാ നടപടികളും വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും ആര്യാ രാജേന്ദ്രൻ അറിയിച്ചു.
ഇതിന് പുറമേ വഴയിലയിൽ കാറിലെത്തി റോഡിൽ മാലിന്യം തള്ളുന്നതിന്റെ ദൃശ്യം ലഭിച്ചതായും മേയർ അറിയിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ മേയറുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. കാറുടമയ്‌ക്ക് 12,000 രൂപ പിഴ അടയ്‌ക്കാൻ നോട്ടീസ് അയച്ചതായും വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള നിയമനടപടികൾ ഉൾപ്പടെ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ചിത്രങ്ങൾ പകർത്തി, 9447377477 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പിൽ അയച്ചു നൽകാനും മേയർ അഭ്യർത്ഥിച്ചിട്ടുണ്ട്.