ബെംഗളൂരു: രഞ്ജിത്ത് ഇസ്രയേലിന്റെ നിർദേശപ്രകാരമാണ് അർജുനായുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നതെന്ന് അങ്കോല എംഎൽഎ സതീഷ്. അർജുൻ ഓടിച്ചിരുന്ന ലോറി ഉണ്ടെന്ന് കരുതുന്ന പ്രദേശത്തെ മണ്ണ് നീക്കുന്ന പ്രവർത്തനമാണ് പുരോഗമിക്കുന്നത്. റഡാറിൽ ലോഹഭാഗം കണ്ടെത്തിയിരുന്നു. വൈകാതെ അർജുന്റെ ലോറിക്കടുത്തേക്ക് എത്താൻ കഴിയുമെന്ന് അങ്കോല എംഎൽഎ പറഞ്ഞു.
അധികം വൈകാതെ ഇക്കാര്യം അറിയാമെന്നാണ് കരുതുന്നതെന്നും കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്തിയാൽ എയർ ലിഫ്റ്റ് ചെയ്യുമെന്നും അതിനായുള്ള ഒരുക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർ ലിഫ്റ്റ് ചെയ്യാൻ നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാൻ സൈന്യം 11-മണിയോടെ സ്ഥലത്തെത്തും. കൂടുതൽ ആഴത്തിൽ മണ്ണെടുത്തുള്ള രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോറി ലൊക്കേറ്റ് ചെയ്താൽ അടുത്തെത്താൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് രഞ്ജിത്ത് ഇസ്രയേൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നദിയിലേക്ക് അർജുൻ ഓടിച്ച ട്രക്ക് പോയിട്ടില്ലെന്ന് ഉറപ്പാണ്. സൈന്യത്തിന് നിലവിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തെ കുറിച്ച് വിവരിച്ച് നൽകും. പ്ലാൻ എ നടപ്പിലായില്ലെങ്കിൽ മാത്രമേ മാത്രം ബി, സി പ്ലാനുകളിലേക്ക് തിരിയും. സ്വയം സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയ വ്യക്തിയാണ് താൻ. അർജുനെ കണ്ടെത്തുന്നത് വരെ രക്ഷാദൗത്യവുമായി മുന്നിലുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകാവുന്ന ഉറപ്പ്. സമ്പൂർണ പിന്തുണയാണ് കർണാടക ഭരണകൂടം നൽകുന്നതെന്നും കാലാവസ്ഥ പ്രതികൂലമാകുന്നതാണ് വെല്ലുവിളിയാകുന്നതെന്നും രഞ്ജിത്ത് ഇസ്രായേൽ പറഞ്ഞു.