ധാക്ക: രാജ്യവ്യാപകമായ പ്രതിഷേധങ്ങളേയും അക്രമസംഭവങ്ങളെയും തുടർന്ന് ബംഗ്ലാദേശിലെ വിവാദമായ സംവരണ നിയമം റദ്ദാക്കി സുപ്രീംകോടതി. സർക്കാർ ജോലികളിൽ 93 ശതമാനവും മെറിറ്റ് അധിഷ്ഠിതമായിരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബംഗ്ലാദേശിൽ സംവരണ നിയമം നിലവിൽ വന്നതിന് പിന്നാലെ വിദ്യാർത്ഥി സംഘടനകളുടെ നേതത്വത്തിൽ വൻ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രക്ഷോഭകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ 114 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിർണായകമായ ഇടപെടൽ.
തൊഴിൽ മേഖലയിൽ 93 ശതമാനം മെറിറ്റ് അധിഷ്ഠിതവും 5 ശതമാനം സംവരണം സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും 2 ശതമാനം സംവരണം ട്രാൻസ്‌ജെൻഡർ, ഭിന്നശേഷിക്കാർ, തുടങ്ങിയ വിഭാഗക്കാർക്കുമായിരിക്കണമെന്നാണ് കോടതിയുടെ പുതിയ ഉത്തരവ്. അതേസമയം ഷെയ്ഖ് ഹസീന സർക്കാർ രാജ്യ വ്യാപകമായി ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് മൂന്ന് മണിയോടെ അവസാനിക്കും. സംവരണ വിരുദ്ധ പ്രക്ഷോഭം കലാപസമാന സാഹചര്യത്തിൽ എത്തിയതോടെ ഞായർ, തിങ്കൾ ദിവസങ്ങളിൽ ബംഗ്ലാദേശ് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. അവശ്യ സേവനങ്ങൾ മാത്രമേ ഈ ദിവസങ്ങളിൽ അനുവദിക്കൂ.
1971 ൽ പാകിസ്താനെതിരായ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ മക്കൾക്ക് ജോലിയിൽ 30 % സംവരണം അനുവദിച്ച നടപടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബംഗ്ലാദേശിൽ പ്രതിഷേധം ആരംഭിച്ചത്. ക്വാട്ട സമ്പ്രദായം വിവേചനപരവും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികൾക്ക് പ്രയോജനകരവുമാണെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. പകരം മെരിറ്റ് അധിഷ്ഠിത സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്.