ബ്രസീലിയ: സ്റ്റേജിൽ പാട്ടുപാടാൻ കയറിയ ഗായകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. ബ്രസീലിയൻ റോക്ക് ഗായകനായ അയേഴ്സ് സാസകിയാണ് വേദിയിൽ വച്ച് ഷോക്കേറ്റ് മരിച്ചത്. 35 വയസായിരുന്നു.
ബ്രസീലിലെ സാലിനോപോളീസ് പാരയിലുള്ള സോളാർ ഹോട്ടലിൽ വച്ച് ജൂലൈ 13ന് നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. വേദിയിലേക്ക് കയറിവന്ന ആരാധകനെ കെട്ടിപ്പിടിച്ചതിന് പിന്നാലെ ഗായകന് ഷോക്കേൽക്കുകയായിരുന്നു. ആരാധകൻ നനഞ്ഞിരുന്നതാണ് വൈദ്യുതാഘാതമേൽക്കാൻ കാരണമായത്. വേദിയിൽ നിലത്ത് കിടന്നിരുന്ന കേബിളിൽ ചവിട്ടി നിന്നുകൊണ്ട് നനഞ്ഞ ആരാധകനെ ആലിംഗനം ചെയ്തതോടെ ഇരുവർക്കും ഷോക്കേറ്റു. തെറിച്ചുവീണ ഗായകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്തുകൊണ്ടാണ് ആരാധകൻ നനഞ്ഞിരുന്നതെന്നും സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സാക്ഷികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 11 മാസം മുൻപായിരുന്നു സാസകി തന്റെ പ്രിയതമ മരിയാനയെ വിവാഹം ചെയ്തത്. അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് അവർ സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.















