ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന് ബിസിസിഐ പിന്തുണ. 8.5 കോടി രൂപ ഒളിമ്പിക് അസോസിയേഷന് കൈമാറുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂലായ് 26നാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്. ഇന്ത്യൻ താരങ്ങളെ പിന്തുണയ്‌ക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് ഈ ഫണ്ട് നൽകുന്നതെന്നും ബിസിസഐ വ്യക്തമാക്കി.
“2024-ലെ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ അവിശ്വസനീയമായ അത്‌ലറ്റുകളെ ബിസിസിഐ പിന്തുണയ്‌ക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കാമ്പെയിന് വേണ്ടി ഞങ്ങൾ ഐഒഎയ്‌ക്ക് 8.5 കോടി രൂപ നൽകുന്നു. ഞങ്ങളുടെ മുഴുവൻ സംഘത്തിനും ആശംസകൾ നേരുന്നു. ഇന്ത്യയെ അഭിമാനത്തിലേക്ക് നയിക്കൂ, ജയ് ഹിന്ദ്! അദ്ദേഹം എക്‌സിൽ കുറിച്ചു.
117 താരങ്ങളാണ് ഒളിമ്പിക്സിന് മത്സരിക്കുന്നത്. ഇവർക്കൊപ്പം 140 സപ്പോർട്ടിംഗ് സ്റ്റാഫും പാരിസിലേക്ക് പോകുന്നുണ്ട്. ഇതിൽ 70 ഓളം പേരുടെ ചെലവുകൾ കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. ശേഷിക്കുന്ന സപ്പോർട്ട് സ്റ്റാഫുകൾക്ക് മാത്രമേ ഗെയിംസ് വില്ലേജിൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനാകൂ.















