കോഴിക്കോട്: മലപ്പുറം സ്വദേശിയായ 14 കാരന് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സംഘം കോഴിക്കോട് എത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്‌നിക്കൽ വിദഗ്ധരുമാണ് സംഘത്തിലുളളത്.
കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച 14 കാരനാണ് ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരണമടഞ്ഞത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയെ ശനിയാഴ്ചയാണ് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. നേരത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. നിപ സ്ഥിരീകരിച്ച ശേഷമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
ഐസിഎംആർ സംഘത്തിന്റെ വൈദഗ്ധ്യം കൂടി ഉപയോഗപ്പെടുത്തി രോഗവ്യാപനം തടയുന്നതിലും നിയന്ത്രണ നടപടികളിലും ചികിത്സയിലും കൂടുതൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാനാകുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ടീമിനെ നിയോഗിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. നാലംഗ സംഘമാണ് ചുമതലയേൽക്കുക.
മെഡിക്കൽ കോളേജിലെ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തിൽ പ്രത്യേക പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പിജി ഡോക്ടർമാർ, ഹൗസ് സർജൻമാർ ഉൾപ്പെടെയുള്ള നേരത്തേ പരിശീലനം ലഭിച്ചിട്ടില്ലാത്ത ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ തുടങ്ങിയവർക്കായാണ് റീഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുക. സാംപിൾ കളക്ഷൻ, നിപ പ്രതിരോധം, ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകും.
മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങാൻ നിർദ്ദേശം നൽകി. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.















