ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 26 ന് ലഡാക്കിലെത്തും. ലഡാക്കിലെ ദ്രാസിലുള്ള യുദ്ധ സ്മാരകം സന്ദർശിക്കും. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിൽ ലഫ്റ്റനന്റ് ഗവർണർ ബ്രിഗേഡിയർ (റിട്ടയേർഡ്) ബിഡി മിശ്രയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ക്രമീകരണങ്ങൾ അവലോകനം ചെയ്തിരുന്നു.
ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും കൃത്യ സമയത്ത് പൂർത്തിയാക്കാൻ ബിഡി മിശ്ര ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദ്രാസ്സ് ബ്രിഗേഡ് ഹെലിപാഡിൽ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള സ്വീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും
അദ്ദേഹം പരിശോധിച്ചു. മുന്നൊരുക്കങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി ജൂലൈ 24 ന് ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകം സന്ദർശിക്കും.
2022 ൽ കാർഗിലിൽ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. കാർഗിൽ യുദ്ധ സ്മാരകം സന്ദർശിച്ച അദ്ദേഹം വീരമൃത്യു വരിച്ച ജവാന്മാരുടെ സ്‌മൃതി കുടീരങ്ങളിൽ പുഷ്പചക്രം അർപ്പിക്കുകയും സൈനികരുടെ ജീവത്യാഗത്തെ സ്മരിക്കുകയും ചെയ്തിരുന്നു. 1999 ലെ ഓപ്പറേഷൻ വിജയ്യിലൂടെ ജമ്മു കശ്മീരിലുള്ള കാർഗിൽ സെക്ടറിലെ തന്ത്രപ്രധാന മേഖലകൾ ഇന്ത്യ പാകിസ്‌താനിൽ നിന്നും തിരിച്ചു പിടിച്ചിരുന്നു.1999 മെയിൽ തുടങ്ങിയ കാർഗിൽ യുദ്ധത്തിന്റെ വിജയമായാണ് ഇതിനെ കണക്കാക്കുന്നത്. യുദ്ധത്തിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികരെ ആദരിക്കുന്നതിനായി എല്ലാ വർഷവും ജനുവരി 26 കാർഗിൽ വിജയ് ദിവസ് ആയി ആചരിച്ചുവരുന്നു.















