പാലക്കാട്: തിരുവനന്തപുരത്തും നിപ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്തേക്ക് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എത്തിയിരുന്നു. ഇവരുടെ സ്രവം പരിശോധിക്കും. പാലക്കാട് ജില്ലയിലുള്ള ചിലരും സമ്പർക്കപ്പട്ടികയിലുണ്ട്. ഇവരുടെയും സാമ്പിളുകൾ പരിശോധിക്കും. തിരുവനന്തപുരം സ്വദേശികളിൽ രണ്ട് പേർ പ്രൈമറി സമ്പർക്കപ്പട്ടികയിലും മറ്റ് രണ്ട് പേർ സെക്കൻഡറിയിലുമാണ്.
ഇനി പരിശോധിക്കാനുള്ളത് 13 പേരുടെ സാമ്പിളുകളാണ്. ഇതിൽ ആറ് പേർക്ക് പനിയുണ്ട്. 350 പേരാണ് സമ്പർക്ക പട്ടികയിൽ ആകെയുള്ളത്. ഇതിൽ 101 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. 68 ആരോഗ്യപ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. സമ്പർക്കപ്പട്ടികയിലുള്ള പാലക്കാട് സ്വദേശികളിൽ ഒരാൾ ആരോഗ്യപ്രവർത്തകനാണ്. സമ്പർക്കപ്പട്ടികയിലുള്ളവർ 21 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സ്കൂളിൽ മറ്റ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകും. ഓൺലൈനായി ക്ലാസ് പിടിഎ ചേരുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
മരിച്ച കുട്ടി കാട്ടുഅമ്പഴങ്ങ കഴിച്ചതായി സുഹൃത്തുക്കളാണ് അറിയിച്ചത്. ഈ പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ട്. നിപ ബാധയുടെ ഉറവിടം കണ്ടെത്താൻ വേണ്ട തെളിവുകൾ ശേഖരിച്ച് വരികയാണ്. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കാൻ ശ്രമിക്കരുത്. അവയെ ഓടിച്ച് വിടാനും വവ്വാലുകളുള്ള മേഖലയിൽ തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടമുണ്ടാക്കും. വവ്വാലുകളെ ആക്രമിക്കുന്നത് വൈറസ് ബാധ കൂടുതൽ വ്യാപിക്കാൻ ഇടയാക്കുമെന്നും ആരോഗ്യമന്ത്രി സൂചിപ്പിച്ചു.