വിരാട് കോലിയുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും അത് ടിആർപി റേറ്റിംഗ് കൂട്ടാനുള്ളതല്ലെന്നും പരിശീകലൻ ഗൗതം ഗംഭീർ. രാജ്യത്തെയും രാജ്യത്തെ 140 കോടി ജനങ്ങളെയുമാണ് ഞങ്ങൾ കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്. ഫീൽഡിന് പുറത്തും ഞങ്ങൾ തമ്മിൽ മികച്ച വ്യക്തിബന്ധമാണുള്ളത്. അത് പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കേണ്ട കാര്യമില്ല. മത്സരത്തിന് മുമ്പും ശേഷവും ഞാനും അവനും തമ്മിൽ എത്രത്തോളം അടുത്തിടപഴകിയിട്ടുണ്ടെന്നത് പ്രധാനമല്ല. ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ താരങ്ങളിൽ ഒരാളാണ് കോലിയെന്നും അതേ രീതിയിൽ അദ്ദേഹം തുടരുമെന്നാണ് കരുതുന്നതെന്നും ഗംഭീർ പറഞ്ഞു.
വളരെ വിജയകരമായ ഒരു ടീമിനെയാണ് പരിശീലിപ്പിക്കുന്നത്. ടി20 ലോകകപ്പ് വിജയിച്ച, ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും റണ്ണേഴ്‌സപ്പായ ഒരു ടീമിനെയാണ് ഏറ്റെടുക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി മികച്ച ബന്ധമാണുള്ളത്. ഊഹാപോഹങ്ങളിൽ വ്യക്തവരുത്തുന്നതിലൂടെ മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ സാധിക്കുമെന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ മികവിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും ഗംഭീർ വ്യക്തമാക്കി. ശ്രീലങ്കൻ പര്യടനത്തിന് മുമ്പായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”കളിക്കാർക്ക് സ്വാതന്ത്ര്യം നൽകുന്നതാണ് പ്രധാനപ്പെട്ടതെന്ന് ഞാൻ കരുതുന്നു, അതിലാണ് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നത്. എല്ലാ താരങ്ങൾക്കും എന്റെ ഉറച്ച പിന്തുണയുണ്ടാകും. ഡ്രസിംഗ് റൂമിൽ താരങ്ങളെ ഏറ്റവും സന്തോഷത്തോടെ നിലനിർത്തുക, അവരെ സുരക്ഷിതരാക്കുക എന്നതാണ് എന്റെ ലക്ഷ്യം. ശ്രീലങ്കൻ പര്യടനത്തിന് ശേഷം ടീമിന് നീണ്ട ഇടവേള ലഭിക്കും. തുടർന്ന് 10 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഈ മത്സരങ്ങളിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്നാണ് കരുതുന്നത്. ” ഗംഭീർ പറഞ്ഞു.