ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഋതുരാജ് ഗെയ്ക്വാദ് മുതലായ താരങ്ങളെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ചീഫ് സെലക്ടർ അജിത് അഗാർക്കർ. 15 അംഗ ടീമിനെ മാത്രമേ സെലക്ടർമാർക്ക് തിരഞ്ഞെടുക്കാനാവൂ. സന്തുലിതമായ ഒരു ടീമിനെ തിരഞ്ഞെടുക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്ക് പോലും അവസരം നഷ്ടപ്പെട്ടേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
സിംബാബ് വെ പര്യടനത്തിലൂടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അഭിഷേക് ടൂർണമെന്റിൽ സെഞ്ച്വറി നേടി. ഋതുരാജ് ഗെയ്ക്‌വാദിനും പരമ്പരയിൽ തിളങ്ങാനായി. എന്നാൽ ടീമിലിടം പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. സഞ്ജു സാംസണിന്റെ സ്ഥിതിയും സമാനമാണ്. സിംബാബ്വെ പര്യടനത്തിൽ അർദ്ധ സെഞ്ച്വറി നേടിയ താരം അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ച്വറി നേടിയിരുന്നതായും അഗാർക്കർ കൂട്ടിച്ചേർത്തു.
എന്നാൽ, ഋഷഭ് പന്തിന് പിന്നാലെ കെ എൽ രാഹുൽ ടീമിലേക്ക് തിരിച്ചെത്തിയതാണ് സഞ്ജുവിന് അവസരം നഷ്ടമാകാൻ കാരണമായത്. സിംബാബ്വെ പരമ്പരയിൽ നിരവധി യുവതാരങ്ങൾക്ക് അവസരം നൽകി. അവസരത്തിനൊത്ത മികച്ച പ്രകടനവും അവർ കാഴ്ചവച്ചു. മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ഇപ്പോൾ ടീമിലുള്ളവർക്ക് തുടർ മത്സരങ്ങളിൽ തങ്ങളുടെ സ്ഥാനം നിലനിർത്താനാവൂ. കാരണം, കഴിവുള്ള നിരവധി താരങ്ങൾ അവസരത്തിനായി കാത്തുനിൽക്കുന്നുണ്ട്. ടീമിലിടം ലഭിക്കാത്തവരോട് മികച്ച പ്രകടനം തുടരണമെന്നാണ് പറയാനുള്ളതെന്നും അഗാർക്കർ പറഞ്ഞു. ടി20യിലെ അവസരം വേണ്ടവിധം വിനിയോഗിച്ചാൽ ഫോർമാറ്റിലെ സ്ഥാനം സഞ്ജുവിന് ഉറപ്പിക്കാനാകുമെന്നും അഗാർക്കർ കൂട്ടിച്ചേർത്തു.