അംഗീകാരങ്ങളിൽ താല്പര്യമില്ലെന്ന് നടി മല്ലിക സുകുമാരൻ. എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടല്ല താൻ സിനിമയിലേക്ക് വന്നതെന്നും കുറച്ചുപേർ ഒരുമിച്ചിരുന്ന് കണ്ട് തീരുമാനിക്കുന്ന ഏതെങ്കിലും പുരസ്കാരമല്ല തനിക്ക് വലുതെന്നും നടി പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം. അംഗീകാരങ്ങളൊക്കെ നൽകുന്നത് എങ്ങനെയാണെന്ന് തനിക്ക് അറിയാമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
“എനിക്ക് എന്തെങ്കിലും ആവണം എന്ന് തീരുമാനിച്ച് ഇറങ്ങിയ കലാകാരിയല്ല ഞാൻ. എന്നെ വിളിക്കുന്ന വേഷം എന്താണോ, അതു പോയി ചെയ്യും വരും. അംഗീകാരങ്ങൾ എനിക്ക് കിട്ടിയിട്ടില്ല എന്ന് എനിക്ക് പറയാൻ കഴിയില്ല. സംസ്ഥാന സർക്കാരിന്റെ പുരസ്കാരം വാങ്ങിയ ഒരു നടിയാണ് ഞാൻ. അതുകൂടാതെ നൂറുകണക്കിന് മറ്റ് അവാർഡുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ഒരുപാട് പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. അതെല്ലാം എന്റെ പെർഫോമൻസ് കണ്ടു തന്നെ തരുന്നതാണ്. വേറെ മുന്തിയ അംഗീകാരങ്ങളൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല”.
“സർക്കാർ അങ്ങനെ കാണിച്ചു, ഇങ്ങനെ കാണിച്ചു എന്നൊക്കെ പലരും പറയുന്നുണ്ട്. പൃഥ്വിരാജിനായിരിക്കും അല്ലെങ്കിൽ ഇന്ദ്രജിത്തിന് പുരസ്കാരം കിട്ടുമെന്ന് വിചാരിച്ചു എന്ന് പലരും പറയാറുണ്ട്. എന്തിനാണ് അങ്ങനെ വിചാരിക്കുന്നത്. ആറോ, ഏഴോ പേര് ഇരുന്നു കണ്ട് തീരുമാനിച്ച് മന്ത്രിയെക്കൊണ്ട് ഒരു അവാർഡ് പ്രഖ്യാപിക്കുന്നു. മന്ത്രി വന്നിരുന്ന് പറയുന്നു. അതാണോ ജനത്തിന്റെ താല്പര്യം, ഒരിക്കലുമല്ല. അതുകൊണ്ട് അതിൽ സങ്കടപ്പെടേണ്ട കാര്യമില്ല. ഈ ഏഴ് പേര് പറയുന്നതാണോ സിനിമ!, അതൊന്നുമല്ല. അവർക്കു തോന്നിയ അഭിപ്രായം അവർ പറയുന്നു എന്നുമാത്രം. അവാർഡും അംഗീകാരങ്ങളുമൊക്കെ എങ്ങനെയാ കിട്ടുന്നതെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളും ഈ നാട്ടിലൊക്കെ ജീവിക്കുന്നവരാണ്”-മല്ലികാ സുകുമാരൻ പറഞ്ഞു.