ന്യൂഡൽഹി: 2023ൽ ഇന്ത്യയിലെത്തിയത് 1.92 കോടി അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെന്ന് റിപ്പോർട്ട്. ഏറ്റവുമധികം സഞ്ചാരികളെത്തിയത് മഹാരാഷ്‌ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ലോക്സഭയിൽ കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്താണ് രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം 1,92,45,817 വിനോദ സഞ്ചാരികൾ ഇന്ത്യയിലെത്തി. 2022ൽ ഇത് 85.8 ലക്ഷമായിരുന്നു. രാജ്യത്തെത്തിയ അന്താരാഷ്‌ട്ര ടൂറിസ്റ്റുകളിൽ 33 ലക്ഷം പേരും മഹാരാഷ്‌ട്രയിലാണ് വന്നത്. ഗുജറാത്തിൽ 28 ലക്ഷവും ബംഗാളിൽ 27 ലക്ഷവും ഡൽഹിയിൽ 18 ലക്ഷവും വിദേശ വിനോദ സഞ്ചാരികൾ എത്തി. 2022ൽ മഹാരാഷ്‌ട്രയിലെത്തിയത് 15 ലക്ഷമാളുകൾ മാത്രമായിരുന്നു. ഇതാണ് 33 ലക്ഷമായി ഉയർന്നത്. ബംഗാളിൽ പത്ത് ലക്ഷം ടൂറിസ്റ്റുകളായിരുന്നു 2022ൽ എത്തിയതെങ്കിൽ ഇത്തവണ അത് 17 ലക്ഷം കൂടി വർദ്ധിച്ചു. ഏറ്റവും കുറവ് ആളുകളെത്തിയത് ലക്ഷദ്വീപ് (755), ഹരിയാന (1,346), ഛത്തീസ്ഗഡ് (953) എന്നീ സ്ഥലങ്ങളിലേക്കാണ്.
കേരളത്തിൽ കഴിഞ്ഞ വർഷമെത്തിയത് 6 ലക്ഷം അന്താരാഷ്‌ട്ര വിനോദസഞ്ചാരികളാണ്. 2022ൽ ഇത് മൂന്ന് ലക്ഷമായിരുന്നു. കൊവിഡ് മഹാമാരിക്ക് മുൻപുള്ള അവസ്ഥയിലേക്ക് ആഭ്യന്തര ടൂറിസം എത്തിയെങ്കിലും വിദേശ ടൂറിസ്റ്റുകളുടെ വരവ് (FTAs) പഴയപടിയായിട്ടില്ല. 2024ഓടെ അന്താരാഷ്‌ട്ര ടൂറിസ്റ്റുകളുടെ എണ്ണം പഴയതോതിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അറിയിച്ചു.