മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിലൊരാളാണ് കൽപന. ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിനെ പോലെ സ്ത്രീകളിൽ ഹാസ്യ കഥാപാത്രങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ മുൻപന്തിയിലായിരുന്നു താരം. 2016ൽ കൽപനയുടെ അകാല വിയോഗം കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാക്കിയിരുന്നു. ഇപ്പോൾ ജനം ടിവി ഓൺലൈന് നൽകിയ അഭിമുഖത്തിൽ കൽപനയുമായുളള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ നന്ദു.
കൽപനയുടെ കുടുംബവുമായി തനിക്ക് നല്ല ബന്ധമാണെന്നും ‘സാമി’ എന്നാണ് തന്നെ കൽപന വിളിച്ചിരുന്നതെന്നും നന്ദു പറഞ്ഞു. രഞ്ജിത്തിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന സിനിമയിൽ കൽപനയുമൊത്ത് അഭിനയിച്ചതിന്റെ വിശേഷങ്ങളും താരം പങ്കുവച്ചു.
” എവിടെ പോവുമ്പോഴും കൽപന വിളിക്കാറുണ്ട്. അവരുടെ ചെന്നൈയിലെ വീട്ടിൽ ഇടയ്‌ക്കിടെ പോവാറുണ്ടായിരുന്നു. സാമി എന്നാണ് എന്നെ വിളിക്കാറുണ്ടായിരുന്നത്. സ്പിരിറ്റിൽ കൽപനയെ ഇടിക്കുന്ന ഭാഗങ്ങളേറെയുണ്ടായിരുന്നു. എന്നാൽ എനിക്ക് ഇടിക്കാൻ നല്ല ഭയമായിരുന്നു. കാരണം ഒരുപാട് രോഗങ്ങളുള്ള വ്യക്തിയാണ് കൽപന. എന്നാൽ ഞാൻ മടിച്ച് നിൽക്കുമ്പോൾ കൽപന പറയും സുമ്മാ ആക്ഷൻ അല്ലേ സാമി, സുമ്മാ പോടുങ്കോ’. കൽപനയുമായി അത്രയും നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്.”- നന്ദു പറഞ്ഞു.
ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന വ്യക്തിയായിരുന്നു കൽപന. ഒരു ദിവസം ഷൂട്ടിംഗിനിടെ മൂന്ന് നേരം തണ്ണിമത്തൻ കഴിക്കുന്നത് കണ്ടിരുന്നു. മറ്റ് ഭക്ഷണങ്ങളൊന്നുമില്ലാതെ തണ്ണിമത്തൻ മാത്രം കഴിച്ചാൽ ശരീരത്തിന് നല്ലതാണെന്ന് പറഞ്ഞായിരുന്നു അത് കഴിച്ചുകൊണ്ടിരുന്നതെന്നും നന്ദു പറഞ്ഞു.
106 ആയിരുന്നു കൽപനയ്‌ക്ക് ഏറ്റവും ഇഷ്ടമുള്ള നമ്പർ. ഷൂട്ടിംഗിന് പോവുമ്പോൾ ഏതെങ്കിലും ഹോട്ടലിൽറൂം എടുക്കുകയാണെങ്കിൽ 106 തന്നെ കിട്ടാൻ പരമാവധി താരം ശ്രമിക്കുമായിരുന്നു. അവസാനം മരിച്ചതും ഒരു 106ൽ തന്നെയെന്ന് നന്ദു പറയുന്നു.
2016 ജനുവരി 25നാണ് കൽപനയെ ഹൈദരാബാദിലെ ഹോട്ടലിൽ ബോധരഹിതയായി കിടക്കുന്നത് കണ്ടത്. കാർത്തി നായകനായ തോഴ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയായിരുന്നു താരത്തിന്റെ വിയോഗം. സ്പിരിറ്റെന്ന ചിത്രത്തിൽ പ്ലംബർ മണിയനായിയെത്തിയ നന്ദുവിന്റെ ഭാര്യയായണ് കൽപന വേഷമിട്ടത്.















