ന്യൂഡല്‍ഹി: പാകിസ്താനിലെ വിവാദ ഗായകന്‍ റാഹത്ത് ഫത്തേ അലിഖാനെ ദുബായിൽ അറസ്റ്റ് ചെയ്തെന്ന് വിവരം. മുന്‍ മാനേജര്‍ സല്‍മാന്‍ അഹമ്മദ് നല്‍കിയ അപകീര്‍ത്തി കേസിലാണ് അറസ്റ്റെന്നാണ് സൂചന. എന്നാൽ ഇക്കാര്യങ്ങൾ തള്ളിക്കൊണ്ട് ഗായകന്റെ സംഘവും രംഗത്തുവന്നു. പ്രചരിക്കുന്നത് വെറും കിംവദന്തികളാണെന്നും ഗായകൻ റെക്കോർഡിംഗിന് വേണ്ടിയാണ് ദുബായിൽ എത്തിയതെന്നുമാണ് അവരുടെ വാദം.
ഫത്തേ അലിഖാനുമായുണ്ടായ തർക്കത്തിന് പിന്നാലെ മാനേജറെ മാസങ്ങൾക്ക് മുൻപ് പുറത്താക്കിയെന്നും റിപ്പോർട്ടുകളുണ്ട്. പ്രശസ്ത ഖവ്വാലി ഗായകനായ നുസ്രത്ത് ഫത്തേ അലി ഖാന്റെ അനന്തരവനാണ് റാഹത്. ബോളിവുഡിലടക്കം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള റാഹത്ത് സ്ഥിരം വിവാദങ്ങളുടെ തോഴനുമാണ്. അടുത്തിടെ കുടിച്ച് ലക്കുകെട്ട് അനുയായിയെ ഷൂകാെണ്ട് മർദ്ദിക്കുന്നൊരു വീഡിയോ പുറത്തുവന്നിരുന്നു. പിന്നീട് അയാളെ കൊണ്ടു തന്നെ അതിന് വിശദീകരണം നൽകി വിവാദം ഒഴിവാക്കുകയായിരുന്നു.